‘ഞാന്‍ ചത്ത് പോയിരുന്നെങ്കിലോ? നിങ്ങള് വലിയ വണ്ടിയാണെന്ന് കരുതി ചെറിയ വണ്ടിക്കാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ?’; ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ച സ്വകാര്യ ബസ്സിനെ ഒന്നര കിലോമീറ്റര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് തടഞ്ഞ് നടുറോഡില്‍ ചോദ്യം ചെയ്ത് യുവതി (വീഡിയോ കാണാം)


പാലക്കാട്: കൂറ്റനാടിന് സമീപം അപകടകരമായ രീതിയില്‍ ഓടിച്ച ബസ് തടഞ്ഞ് നിര്‍ത്തി നടുറോഡില്‍ ചോദ്യം ചെയ്ത് യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തി സര്‍വീസ് നടത്തിയ ‘രാജപ്രഭ’ ബസ് തടഞ്ഞിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് തൊട്ടുരുമ്മി കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്.

കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തതോടെ സാന്ദ്രയ്ക്ക് പ്രാണരക്ഷാര്‍ത്ഥം വാഹനം ചാലില്‍ ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.

സാന്ദ്ര പിന്തുടര്‍ന്ന് ബസ് തടയുമ്പോള്‍ ചെവിയില്‍ ഇയര്‍ഫോണ്‍ കുത്തിവച്ച നിലയിലായിരുന്നു ഡ്രൈവര്‍. താന്‍ സംസാരിക്കുമ്പോഴും ഇത് ചെവിയില്‍ നിന്ന് അഴിച്ചു മാറ്റാന്‍ ഡ്രൈവര്‍ തയാറായില്ലെന്നും സാന്ദ്ര ആരോപിക്കുന്നു. ഈ പെരുമാറ്റം വേദനിപ്പിച്ചുവെന്ന് സാന്ദ്ര പറഞ്ഞു. ഇതേ ബസില്‍ നിന്ന് ഇതിന് മുമ്പും മോശം അനുഭവം ഉണ്ടായിരുന്നതായും മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി സാന്ദ്ര പറഞ്ഞു. വളവുകളില്‍ പോലും അമിത വേഗത്തിലാണ് ബസ് കടന്നു പോകാറുള്ളതെന്ന് ചിലര്‍ പറഞ്ഞു.

അതേസമയം സാന്ദ്ര ബസ് തടഞ്ഞു നിര്‍ത്തി സംസാരിക്കുമ്പോഴും ബസിലെ ഒരു യാത്രക്കാരന്‍ ഒഴികെയുള്ളവരോ വഴിയാത്രക്കാരോ പിന്തുണയ്ക്കാന്‍ എത്തിയില്ല. ഒരു യാത്രക്കാരന്‍ മാത്രമാണ് അഭിനന്ദിച്ചതെന്ന് സാന്ദ്ര പറഞ്ഞു. ആണ്‍കുട്ടികളെ പോലെ ഗുണ്ടായിസം കാണിക്കുകയാണോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സാന്ദ്ര ബസ് തടഞ്ഞ് ഡ്രൈവറോട് പ്രതികരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് സാന്ദ്രയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘വലിയ വണ്ടി ആണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ, നിങ്ങള്‍ക്ക് മാത്രം കടന്നുപോയാല്‍ പോര, മറ്റുള്ളവര്‍ക്കും യാത്ര ചെയ്യണം. ഞാന്‍ ചത്തു പോയിരുന്നെങ്കിലോ. പെണ്‍പിളേളരല്ലേ, കുട്ടിയല്ലേ, ഒന്നും ചെയ്യില്ലെന്നാണോ വിചാരം?’ -വീഡിയോയിലെ സാന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ.

സംഭവത്തില്‍ നിയമപരമായി നീങ്ങാനാണ് സാന്ദ്രയുടെ തീരുമാനം. ബസ് തടഞ്ഞിടുന്ന സമയത്ത് അതിലൂടെ കടന്നുവന്നയാള്‍ ചാലിശ്ശേരി സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തിയെന്നും നിയമ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതായും സാന്ദ്ര പറഞ്ഞു. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ നിന്ന് ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിദുദ പഠനം പൂര്‍ത്തിയാക്കിയ സാന്ദ്ര, എല്‍.എല്‍.ബി എന്‍ട്രന്‍സിനുള്ള തയാറെടുപ്പിലാണ്.

വീഡിയോ കാണാം: