നടുവത്തൂര്‍ സ്വദേശി വിനീഷ് ഖത്തറില്‍ ആത്മഹത്യ ചെയ്ത സംഭവം; ഭാര്യയും സുഹൃത്തും കൊയിലാണ്ടി പൊലീസിന്റെ പിടിയില്‍



കൊയിലാണ്ടി: നടുവത്തൂര്‍ പെരുവാലിശ്ശേരി മീത്തല്‍ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ ആര്യയും സുഹൃത്തായ മലപ്പുറം സ്വദേശിയും പിടിയില്‍. ബംഗളുരുവില്‍ നിന്നും കൊയിലാണ്ടി പൊലീസാണ് ഇരുവരെയും പിടികൂടിയത്.

കൊയിലാണ്ടിയില്‍ നിന്നുള്ള പൊലീസ് സംഘം ബംഗളുരുവില്‍ എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ കോഴിക്കോട് എത്തിച്ചു. കൊയിലാണ്ടി കോടതിയിലെ മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ ഇരുവരെയും ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

മെയ് 14നാണ് രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെയും കൂട്ടി ആര്യ മലപ്പുറം സ്വദേശിയായ യുവാവിനൊപ്പം പോയത്. ഇതിന് പിന്നാലെ മെയ് 15ന് വിനീഷ് ഖത്തറില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ആര്യ സുഹൃത്തിനൊപ്പം ഒളിച്ചോടിയ വിവരം അറിഞ്ഞ് വിനീഷ് മകനെ തിരിച്ചു കിട്ടിയാല്‍ മതിയെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് മകനെ കിട്ടുന്നതിനായി ബന്ധുക്കള്‍ ആര്യയുമായി ഫോണ്‍ മുഖേനെ ബന്ധപ്പെട്ടെന്നും ഇതിനിടെ ആര്യയും കാമുകനും ചേര്‍ന്ന് ഖത്തറിലുള്ള വിനീഷിന് വീഡിയോ കോള്‍ ചെയ്‌തെന്നും ബന്ധുക്കള്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് വിനീഷ് ഖത്തറില്‍ താമസിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.വീഡിയോ കോളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വിനീഷിന്റെ ആത്മഹത്യക്ക് പ്രേരണയായെന്നും ആരോപണമുണ്ട്.

ആത്മഹത്യാപ്രേരണക്കുറ്റത്തിന് ആര്യയ്‌ക്കെതിരെ കേസെടുത്തെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരെയും കണ്ടെത്തി ആത്മഹത്യാപ്രേരണക്കുറ്റത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധമുയരുന്നതിനിടെയാണ് പൊലീസ് ആര്യയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.