സ്വകാര്യ ബസുകളുടെ മത്സരയോട്ടം: നടുവണ്ണൂരില്‍ ഗതാഗത തടസ്സം, പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ


നടുവണ്ണൂര്‍: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ് ഐ നടുവണ്ണൂര്‍ മേഖല.


നടുവണ്ണൂരിലെ ആഞ്ഞോളിമുക്കില്‍ കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുന്ന മസ്സാഫി ബസ്സും അജ്വ ബസ്സും മത്സരയോട്ടത്തിലൂടെ ഒരേ ദിശയില്‍ വരികയും റോഡില്‍ സമാന്തരമായി നിര്‍ത്തിയിടുകയും ചെയ്തതിനാല്‍ റോഡ് അര മണിക്കൂറിലധികം പൂര്‍ണ്ണമായും ഗതാഗത തടസ്സം നേരിടുകയുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെ റോഡില്‍ കാത്ത് കിടക്കുന്ന സ്ഥിതി വരെയുണ്ടായി. കഴിഞ്ഞ കാലങ്ങളില്‍ ബസ്സുകളുടെ മത്സരയോട്ടം കാരണം ബസ് ജീവനക്കാരനടക്കം ഒട്ടനവധി ആളുകളുടെ ജീവനാണ് ഈ റൂട്ടില്‍ പൊലിഞ്ഞത്.


ഇക്കാര്യത്തില്‍ പൊലീസിനെയും ഗതാഗത വകുപ്പിനെയും വിശ്വാസ്യതയിലെടുത്തുകൊണ്ടും ആവശ്യമെങ്കില്‍ നിയമപരമായും മുന്നോട്ട് പോകുമെന്നും ഡിവൈഎഫ് ഐ നേതാക്കള്‍ പറഞ്ഞു.