ജില്ലയില്‍ കനത്തമഴ; രണ്ട് ദുരിതാശ്വസ ക്യാമ്പുകള്‍ തുറന്നു, കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം


കൊയിലാണ്ടി: കനത്ത മഴയില്‍ കൊയിലാണ്ടി താലൂക്കിലെ പലയിടത്തും വ്യാപകനാശം. കായണ്ണ വില്ലേജ് കരികണ്ടന്‍പാറ ചെമ്പ്ര റോഡിലേക്ക് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാലേരി വിലേജില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാഴയില്‍ അമ്മാളുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പാലേരി, അത്തോളി, നടുവണ്ണൂര്‍, കൂരാച്ചുണ്ട്, ചെറുവണ്ണൂര്‍, ചക്കിട്ടപാറ, പന്തലായനി, ഉള്ളിയേരി എന്നീ വീല്ലേജുകളില്‍ ഓരോ വീടുകള്‍ക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു.

കൂടാതെ ജില്ലയില്‍ വിവിധ വില്ലേജുകളിലായി 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പെരുമണ്ണ, ഫറോക്ക്, നഗരം, മാവൂര്‍ വില്ലേജുകളില്‍ 2 വീതവും എലത്തൂര്‍, കുന്നമംഗലം, കക്കോടി, മാവൂര്‍, ചെലവൂര്‍, വേങ്ങേരി, ഒളവണ്ണ, കാക്കൂര്‍, ചേളന്നൂര്‍ കരുവന്‍തിരുത്തി വില്ലേജുകളില്‍ ഓരോ വീട് വീതവുമാണ് തകര്‍ന്നത്.

ദേശീയപാതയില്‍ അയനിക്കാട് കുറ്റിയില്‍പീടി, ഇരിങ്ങല്‍ പോസ്റ്റ് ഓഫീസ്, മൂരാട് എന്നീ ഭാഗങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ അനുഭവപ്പെടുന്ന ഗതാഗത തടസം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

വടകര താലൂക്കില്‍ കനത്ത മഴയെ തുടര്‍ന്ന് 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വടകര തീരദേശത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വടകര വില്ലേജിലെ ഏഴ് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
നാദാപുരത്ത് രണ്ട് കുടുംബങ്ങളെയും കായക്കൊടിയില്‍ ഒരു കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. കൊയിലാണ്ടി താലൂക്കില്‍ തുറയൂര്‍ വില്ലേജില്‍ മൂന്ന് കുടുംബങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

എടച്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള തിരച്ചില്‍ പുനരാംരംഭിച്ചു.

രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയില്‍ എസ് ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 91 പേരാണ് ഈ ക്യാമ്പിലുള്ളത്.

കോഴിക്കോട് താലൂക്കില്‍ പന്നിയങ്കര വില്ലേജില്‍ രണ്ട് കുടുംബങ്ങളില്‍ നിന്നായി എട്ട് പേരെ കപ്പക്കല്‍ ഗവ യു പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു.

ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2371002

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088
വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100.