പിൻ മെസേജുകള്‍ക്ക് ഡെഡ് ലൈനുമായി വാട്സ്ആപ്പ്; ‘മെസേജ് പിൻ ഡ്യൂറേഷൻ’ ഫീച്ചറിലൂടെ പിൻ ചെയ്‌ത മെസേജുകളെ നിയന്ത്രിക്കാം
വാട്സ്ആപ്പ് ഓരോ പുതിയ അപ്ഡേഷനിലും ആകര്‍ഷകമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ സുരക്ഷാ വെല്ലുവിളികള്‍ക്ക് തടയിടാനും കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കാനും ഉതകുന്നവയാണ് അവതരിപ്പിക്കുന്ന പുത്തന്‍ ഫീച്ചറുകളില്‍ പലതും.
സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നുമുള്ള കോളുകൾ വരുമ്പോൾ അവ സൈലന്റ് ആക്കുന്ന സംവിധാനം അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതുവഴി വാട്സ്ആപ്പ് തട്ടിപ്പുകൾ തടയുകയാണ് ഉദ്ദേശ്യം. ഇപ്പോള്‍ ഏറ്റവും പുതിയതായി മെസേജ് പിൻ ഡ്യൂറേഷൻ എന്ന സംവിധാനമാണ് വാട്സ്ആപ്പ് കൊണ്ടുവരാനൊരുങ്ങുന്നത്.
വാബെറ്റഇൻഫോയുടെ റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് “മെസേജ് പിൻ ഡ്യൂറേഷൻ” എന്ന ഫീച്ചർ ഉപയോഗിച്ച് ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകൾ പിൻ ചെയ്യുന്ന കാലയളവ് തിരഞ്ഞെടുക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. അതായത് ഉപയോക്താക്കൾക്ക് പിൻ ചെയ്യുന്ന മെസേജിന്റെ ഡ്യൂറേഷൻ സെറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാകുമെന്നാണ് വിവരം. വാട്സ്ആപ്പ് ബീറ്റ അപ്ഡേറ്റിൽ നിലവില്‍ ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്.
ഫീച്ചര്‍ പ്രകാരം നമ്മൾ ഒരു മെസേജ് പിൻ ചെയ്യുമ്പോൾ എത്ര സമയത്തേക്കാണ് അവിടെ വേണ്ടത് എന്ന് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ തിരഞ്ഞെടുത്ത സമയം കഴിഞ്ഞ ശേഷം വാട്സ്ആപ്പ് ചാറ്റിലെ പിൻ ചെയ്ത മെസേജ് ഓട്ടോമാറ്റിക്കായി അൺപിൻ ചെയ്യപ്പെടും. വാട്സ്ആപ്പ് ചാറ്റുകൾക്കുള്ളിൽ പിൻ ചെയ്‌ത മെസേജുകൾ നിയന്ത്രിക്കുന്നതിന് ഉപയോക്താക്കൾക്ക് കൂടുതൽ കൺട്രോളുകൾ നൽകുക എന്ന ലക്ഷ്യമാണ് പുതിയ ഫീച്ചറിന് പിന്നില്‍.