പണമയക്കാന്‍ സാധിക്കുന്നില്ല; യുപിഐ ആപ്പുകള്‍ രാവിലെ മുതല്‍ നിശ്ചലം, വലഞ്ഞ് ഉപഭോക്താക്കള്‍


കോഴിക്കോട്: ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐ രാജ്യവ്യാപകമായി തകരാര്‍ നേരിടുന്നതായി വിവരം. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഇന്ന് രാവിലെ ഏഴ് മണി മുതലാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.

ചിലര്‍ക്ക് പണം അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും സാധാരണയില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ക്രെഡ്, പേടിഎം, ജിപേ തുടങ്ങിയ ആപ്പുകളിലും പ്രശ്‌നം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഉച്ചയോടെ തകരാര്‍ വര്‍ധിച്ചുവെന്നാണ് വിവരം.

എന്നാല്‍ യുപിഐ, എന്‍പിസിഐ സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൊന്നും ഇതുവരെ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഓദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല. അതുകൊണ്ടുതന്നെ പണമിടപാടുകള്‍ തടസപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.