കോഴിക്കോട് സി.എച്ച് പാലത്തിന് താഴെ ഇനി ആ മില്‍ക്ക് സര്‍ബത്തിന്റെ കുളിരില്ല; കട ഒഴിയാന്‍ കോടതി വിധി


കോഴിക്കോട്: കോഴിക്കോടന്‍ രുചിപ്പെരുമകളില്‍ ബിരിയാണിയ്ക്കും ഹല്‍വയ്ക്കും ഒപ്പം തന്നെ കേള്‍ക്കുന്ന ഒന്നാണ് സി.എച്ച്.മേല്‍പ്പാലത്തിന് താഴെയുള്ള കടയിലെ ബില്‍ക്ക് സര്‍ബത്ത്. ഭാസ്‌കരേട്ടനും കുമാരേട്ടനും തുടങ്ങി മക്കളിലൂടെ വളര്‍ന്ന സര്‍ബത്ത് കട ഇനി പഴങ്കഥയാവും. ഏഴ് പതിറ്റാണ്ടുകാലം കോഴിക്കോട്ടെത്തുന്നവരെ കുളിര്‍പ്പിച്ച പഴയ ഓടുമേഞ്ഞ സര്‍ബത്ത് കടയ്ക്കിന്ന് താഴുവീഴുകയാണ്.

കെട്ടിടം ഒഴിയാനുള്ള കോടതി വിധി വന്നതോടെയാണ് നിലവിലെ കച്ചവടക്കാരായ ആനന്ദനും മുരളിയും കട ഒഴിയാന്‍ തീരുമാനിച്ചത്. കെട്ടിട ഉടമകളുമായുള്ള കേസില്‍ അഞ്ച് മാസം മുമ്പായിരുന്നു ഹൈക്കോടതി വിധി. എന്തായാലും പുതിയ കട കണ്ടെത്തി എത്രയും പെട്ടെന്ന് സര്‍ബത്ത് കച്ചവടം ആരംഭിക്കുമെന്ന് മുരളി രുചിയാരാധകരെ അറിയിച്ചിട്ടുണ്ട്.

ഏതായാലും കുറച്ചുകാലത്തേക്കെങ്കിലും നഗരത്തിലെത്തുമ്പോള്‍ ഒരു മില്‍ക്ക് സര്‍ബത്ത് കുടിക്കുകയെന്ന ശീലം മാറ്റിവെക്കേണ്ടി വരും.

കുമാരന്റെയും ഭാസ്‌കരന്റെയും രുചിക്കൂട്ടുകള്‍ മക്കള്‍ കൈവിടാതെ കാത്തുസൂക്ഷിച്ചതാണ് കോഴിക്കോട്ടെത്തുന്നവരെ ഇന്നും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 60 മുതല്‍ 70 വരെ ലിറ്റര്‍ പാലാണ് ദിവസവും മില്‍ക്ക് സര്‍ബത്തിനായി ഉപയോഗിക്കുന്നത്. 40 – 50 ലിറ്റര്‍ വരെ സര്‍ബത്ത് ചെലവാകുമെന്ന് കുമാരന്റെ മകന്‍ ആനന്ദന്‍ പറയുന്നു. മില്‍ക്ക് സര്‍ബത്തിന് പുറമെ സര്‍ബത്ത്, സോഡ സര്‍ബത്ത്, നാരങ്ങാ സോഡ, മസാല സോഡ, കാലി സോഡ എന്നിവയും ഈ കുഞ്ഞുകടയില്‍ കിട്ടും.

ഭാസ്‌കരേട്ടന്റെ പതിമാലാമത്തെ വയസില്‍ തുടങ്ങിയതാണ് സര്‍ബത്ത് കട. ആദ്യം മൂന്നാംഗേറ്റിന്റെ അടുത്തായിരുന്നു. അവിടെ റോഡിന് വീതി കൂട്ടിയവേളയിലാണ് സി.എച്ച്. മേല്‍പ്പാലത്തിന് താഴെയുള്ള കടയിലേക്ക് മാറിയത്. 1962 മുതലാണ് ഇവിടെ കട ആരംഭിച്ചത്. 1982 മുതലാണ് കട മക്കളുടെ ചുമതലയിലെത്തിയത്.