പിന്നാലെ കൂടിയത് പണം ഉണ്ടെന്ന സംശയത്താൽ, ഒന്നും കിട്ടാത്തതിനെ തുടർന്ന് വഴിയിലുപേക്ഷിച്ച് കടന്നു; പയ്യോളി തട്ടിക്കൊണ്ടു പോകൽ കേസിൽ രണ്ട് പേർ അറസ്റ്റിൽ
പയ്യോളി: പയ്യോളിയിൽ വാഹനം തട്ടിയെടുത്ത് യാത്രക്കാരെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ. വയനാട് പുൽപ്പള്ളിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കയ്യിൽ പണമുണ്ടെന്ന സംശയത്താലാണ് പ്രതികൾ പിന്നാലെ കൂടിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
സെപ്റ്റംബർ പതിനേഴാം തീയ്യതി പുലർച്ചെ മൂന്നു മണിയോടെയാണ് ആക്രമണം നടന്നത്. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് സംഭവമുണ്ടായത്. മലപ്പുറത്ത് നിന്ന് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശി ഗഫൂറിന്റെ KL-65-R-6999 നമ്പറിലുള്ള ഇന്നോവ കാറിന്റെ ഡ്രൈവറായ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്.
പുൽപള്ളി സ്വദേശികളായ ഷിബിൻ, ശ്യാം എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പോലീസ് ഷിബിന്റെ ബന്ധു വീട്ടിൽ നിന്ന് കണ്ടെടുത്തു. കേസിലെ മുഖ്യ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
അക്രമിസംഘം എത്തിയ വാഹനം മണ്ണാര്‍ക്കാട് രജിസ്‌ട്രേഷനിലുള്ളതാണ് എന്ന വിവരത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത അന്ന് തന്നെ പൊലീസ് മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഒരു ബ്ലൂടൂത്ത് ഉപകരണം ലഭിച്ചതിനെ ത്തുടർന്ന് താമരശ്ശേരി പരപ്പന്‍പൊയിലിലും സമാനമായി തിരച്ചിൽ നടത്തുകയുണ്ടായി. അന്വേഷണം പുരോഗമിക്കവേ ഇവരെ വായനാടിൽ നിന്നാണ് പിടികൂടിയത്.
ഹ്യുണ്ടായി ഇയോണ്‍ പോലെയുള്ള മണ്ണാര്‍ക്കാട് രജിസ്‌ട്രേഷന്‍ കാറിലും ഒരു ബൈക്കിലുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇന്നോവ കാറിനെ തടഞ്ഞുനിര്‍ത്തിയ സംഘം ഡ്രൈവറുടെ ഭാഗത്തെ ചില്ല് തകര്‍ത്ത ശേഷം വിഷ്ണുവിനെ ലോഹം കൊണ്ടുള്ള ആയുധം കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും പുറത്തേക്ക് വലിച്ചിടുകയുമായിരുന്നു. തോക്ക് കൊണ്ടാണ് ആക്രമിച്ചതാണ് എന്നാണ് കരുതുന്നത്.
ഇതിന് ശേഷം യാത്രക്കാരെ ഉള്‍പ്പെടെ ഇന്നോവ കാര്‍ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വാഹന ഉടമ ഗഫൂര്‍, കോഴിക്കോട്ടെ വ്യാപാരിയായ അശോകന്‍, ഗഫൂറിന്റെ ജോലിക്കാരെന്ന് പറയുന്ന കൃഷ്ണന്‍, ഷാജി എന്നിവരാണ് വിഷ്ണുവിന് പുറമെ ഇന്നോവയില്‍ ഉണ്ടായിരുന്നത്.
വിഷ്ണുവിനെ പയ്യോളിയിലെ ദേശീയപാതയില്‍ ഉപേക്ഷിച്ച ശേഷം നാല് യാത്രക്കാരെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാര്‍ മുചുകുന്നിലെ കൊയിലോത്തുംപടിയില്‍ എത്തിച്ചു. തുടര്‍ന്ന് കാര്‍ വിശദമായി പരിശോധിച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ഇന്നോവയിലുണ്ടായിരുന്നവര്‍ പിന്നീട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് പയ്യോളിയിലെ ദേശീയപാതയോരത്ത് നിന്ന വിഷ്ണുവിനെ കണ്ണൂരിലേക്ക് കല്ലെടുക്കാനായി പോവുകയായിരുന്ന ലോറിയുടെ ഡ്രൈവറാണ് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.