രാജധാനി എക്‌സ്പ്രസില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയില്‍; 600ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അറസ്റ്റിലായത്



കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാരക മയക്ക് മരുന്നായ 600 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി കോരങ്ങാട് സ്വദേശി എന്‍.എം ജാഫറാണ് പിടിയിലായത്. ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസില്‍ നിന്നാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.

ജാഫറിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത ഇയാള്‍ പരിശോധന ഭയന്ന് കണ്ണൂരില്‍ ഇറങ്ങുകയായിരുന്നു. റോഡ് മാര്‍ഗ്ഗം കോഴിക്കോടെത്താനായിരുന്നു ശ്രമം. വലിയ പരിശോധന ഉണ്ടാവില്ലെന്ന് കരുതിയാണ് സ്റ്റോപ്പുകള്‍ കുറവുള്ളതും വലിയ ചെലവ് വരുന്നതുമായ രാജധാനി എക്‌സ്പ്രസില്‍ കയറിയത്.

ന്യൂഡല്‍ഹിയില്‍ നിന്നും  മയക്കുമരുന്ന് വാങ്ങി കൊണ്ടുവന്ന് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചു. വിപണിയില്‍ ഒരു കോടിക്ക് മേലെ വില വരുന്നതാണ് പിടിച്ചെടുത്ത എം.ഡി.എം.എ. ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു.

summary: thamarassery native arrested with deadly drug MDMA at Kannur railway station