കേരളത്തിന്റെ അഭ്യര്‍ത്ഥന തള്ളി; ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെപ്പോലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കോഴിക്കോട്: ഇരുചക്രവാഹനങ്ങളില്‍ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. മൂന്നാമത്തെ യാത്രക്കാരുടെ കാര്യത്തില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കുംവിധം നിയമഭേദഗതി ആവശ്യപ്പെട്ട ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്താകമാനം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. ഒരു വാഹനത്തിന്റെ സിറ്റിങ് കപ്പാസിറ്റി നിര്‍ണയിക്കുന്നത് അതിന് ലഭ്യമായ സൗകര്യം, താങ്ങാന്‍ കഴിയുന്ന പരമാവധി ഭാരം, വാഹനത്തിന്റെയും യാത്ര ചെയ്യുന്നവരുടെയും സുരക്ഷ മുതലായ ഘടകങ്ങള്‍ പരിശോധിച്ചുകൊണ്ടാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയാവുന്ന രീതിയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ് ഇരുചക്ര വാഹനങ്ങള്‍. അതിനാല്‍ ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്താനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി തേടിയാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ഒരു കുട്ടിയെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലായിരുന്നു കേരളം കേന്ദ്രത്തെ സമീപിച്ചത്.