രക്ഷപ്പെടാന്‍ ട്രെയിന്‍ മാറിക്കയറി, ഫോണ്‍ ഓഫാക്കി, ഒടുക്കം പുഴയില്‍ ചാടി; പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട് സ്വദേശികളെ കുടുക്കിയത് പൊലീസിന്റെയും നാട്ടുകാരുടെയും ഇടപെടല്‍*


കോഴിക്കോട്: പത്തുലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ നിരോധിത മയക്കുമരുന്നായ കഞ്ചാവ് എത്തിച്ചു നല്‍കുന്ന റാക്കറ്റില്‍പെട്ടവരാണ് പിടിയിലായത്.

ചക്കുംകടവ് സ്വദേശി ചെന്നലേരി പറമ്പ് വീട്ടില്‍ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരി വയല്‍ നൗഫല്‍ (44) എന്നിവരെയാണ് പൊലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ കുടുക്കിയത്.

കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ( ഡന്‍സാഫ് ) ചെമ്മങ്ങാട് സബ് ഇന്‍സ്‌പെക്ട്ടര്‍ അനില്‍ പി.പിയുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീനിവാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് സ്‌കോഡ് വളരെ കാലമായി ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു.

അതിനിടക്ക് ഇയാള്‍ ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കോഴിക്കോടേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ നീരീക്ഷിച്ചുവരികയായിരുന്നു. എന്നാല്‍ പോലീസിനെ കബളിപ്പിക്കാന്‍ ഫോണുമായി ട്രെയിനുകള്‍ മാറി കയറിയും ഫോണ് ഓഫ് ആക്കിയും അന്വേഷണം വഴിതെറ്റിക്കാന്‍ ഇയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ കണ്ണംപറമ്പ് വെച്ച് പൊലീസ് പിടിയിലാവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന നൗഫല്‍ പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

പ്രതിയായ സലീം കണ്ണമ്പള്ളി മുഖദ്ദാര്‍ ചക്കുംകടവ് കോതി തുടങ്ങിയ തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറയായി കഞ്ചാവ് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും ആന്ധ്രയില്‍ നിന്ന് കടത്തി കൊണ്ട് വരുന്ന കഞ്ചാവ് പൂഴിയില്‍ കുഴിച്ചിട്ടോ പൊന്തക്കാടുകളില്‍ ഒളിപ്പിച്ചോ സൂക്ഷിച്ചിരുന്നതിനാല്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ ഇയാള്‍ പൊലീസിനെ കാണുമ്പോള്‍ പുഴയില്‍ ചാടി രക്ഷപെടുകയോ ഊടുവഴികളിലൂടെ കടന്ന് കളയുകയോ ചെയ്യുന്നതായിരുന്നു പതിവ്. ഏറെ നാളത്തെ ശ്രമഫലമായാണ് ഇത്രയധികം അളവോട് കൂടി പ്രതിയെ പിടികൂടാന്‍ പൊലീസിനായത്.

പിടിയിലായ സലീമിന് വിവിധ സ്റ്റേഷനുകളില്‍ ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് മുതലായ വിവിധ നിരോധിത ലഹരി ഉത്പ്പന്നങ്ങള്‍ സംസ്ഥാനം കടത്തി കൊണ്ടുവന്ന മൂന്നോളം ലഹരിമരുന്ന് നിരോധന നിയമ പ്രകാരമുള്ള കേസുകളും, എട്ടോളം മാല പിടിച്ചുപറി കേസുകളും മോഷണ കേസുകളും അടിപിടികേസുകളും ഉള്ളതായി അസ്സി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു.