ശക്തമായ കാറ്റ്: വടകര മുട്ടുങ്ങലിൽ കടലില്‍ തോണി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
വടകര: ചോമ്പാലയില്‍ നിന്ന് കടലില്‍ പോയ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കണ്ണൂക്കര മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നീന്തി രക്ഷപ്പെട്ടു.
വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മീന്‍ പിടിച്ച ശേഷം തിരികെ വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ തോണി മുട്ടുങ്ങലില്‍ വച്ച് മറിഞ്ഞത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി ഷൈജുവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
മുട്ടുങ്ങലില്‍ നിന്ന് ഏഴ് കിലോമീറ്ററോളം അകലെ വച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ തിരച്ചിലിന് എത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങളും സാന്റ് ബാങ്ക്‌സ് തീരത്ത് എത്തിച്ചത്. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റിനെ തുടര്‍ന്നാണ് തോണി മറിഞ്ഞത്. തോണി മറിഞ്ഞതോടെ മൂന്ന് പേരും കരയിലേക്ക് നീന്തുകയായിരുന്നു. രക്ഷപ്പെട്ട് കരയിലെത്തിയ ഷൈജുവാണ് ഒപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായി അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.