തൃശൂരില്‍ ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി


തൃശൂര്‍: ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശി ഇ.കെ. വിനോദ് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഒഡീഷ സ്വദേശിയെ പൊലീസ് പാലക്കാട്ടുനിന്നും അറസ്റ്റ് ചെയ്തു. വിനോദിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തൃശൂര്‍ വെളപ്പായയില്‍ വെച്ചാണ് ടി.ടി.ഇയെ പുറത്തേക്ക് തള്ളിയത്. ഉടന്‍ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ടി.ടി.ഇയെ വിവരമറിയിച്ചു. പിന്നാലെ റെയില്‍വേ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

ഇന്ന് വൈകുന്നേരം ഏഴോടെ പട്‌ന സൂപ്പര്‍ഫാസ്റ്റിലാണ് സംഭവം. ബന്ധപ്പെട്ട കോച്ചില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ പക്കല്‍ ഇല്ലായിരുന്നു. തുടര്‍ന്ന്, കോച്ചില്‍നിന്ന് പോകാനും പിഴയടക്കാനും ടി.ടി.ഇ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായി ടി.ടി.ഇയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.