തൃപ്പൂണിത്തുറ സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ ഒരാൾകൂടി മരിച്ചു


കൊച്ചി: തൃപ്പൂണിത്തറ പുതിയകാവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ദിവാകരന്‍(55) ആണ് മരിച്ചത്‌. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

കുട്ടികളടക്കം 16പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം പാരിപ്പള്ളി സ്വദേശി അനില്‍, മധുസൂദനന്‍, ആദര്‍ശ്, ആനന്ദന്‍ എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ പത്തരയോടെയാണ് ചൂരക്കാട് പടക്കം ശേഖരിച്ചുവച്ച കെട്ടിടത്തില്‍ സ്‌ഫോടനുണ്ടായത്. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി പാലക്കാട് നിന്നും കൊണ്ടു വന്ന പടക്കം ടെമ്പോ ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

അപകടത്തില്‍ 25വീടുകള്‍ക്ക് കേടുപറ്റിയിരുന്നു. നാല് വീടുകളുടെ മേല്‍ക്കൂര തകരുകയും ടെമ്പോ ട്രാവലര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ മനുഷ്യാവാകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടറും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.