തീ പടര്‍ന്ന വിവരം ആദ്യം അറിയിച്ചത് കൊയിലാണ്ടിയിലെ റെയില്‍വേ ഉദ്യോഗസ്ഥന്‍, ട്രെയിൻ നിർത്തിയത് കോരപ്പുഴയ്ക്ക് മുകളില്‍, കൂട്ടക്കരച്ചില്‍ ഉയര്‍ന്നതിന് പിന്നാലെ പലരും വണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടി; എലത്തൂരില്‍ ട്രെയിനില്‍ തീ വച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


Advertisement

കൊയിലാണ്ടി: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ തീ വച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിലെ ഡി-1 കോച്ചില്‍ തീ പടര്‍ന്നെന്ന വിവരം ആദ്യം അറിയിച്ചത് കൊയിലാണ്ടിയിലെ റെയില്‍വേ ഉദ്യോഗസ്ഥനാണ്. കൊയിലാണ്ടി ട്രാക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ പ്രിന്‍സാണ് കോച്ചില്‍ തീ പടര്‍ന്ന വിവരം പുറംലോകത്തെ അറിയിച്ചത്. കോച്ചിലുണ്ടായിരുന്ന അദ്ദഹത്തിനും ഭാര്യയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. തൃശൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു ഇരുവരും. സാരമായി പൊള്ളലേറ്റതിനാല്‍ അവ്യക്തമായാണ് തീ പിടിച്ച വിവരം അദ്ദേഹം അറിയിച്ചത്.

Advertisement

ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോഴിക്കോട് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ശേഷം എലത്തൂരിലെത്തുന്നത്. ഈ സമയത്താണ് ആക്രമണം ഉണ്ടാകുന്നത്. ഓടുന്ന വണ്ടിയില്‍ കാറ്റ് കാരണം തീ ആളിപ്പടരുകയായിരുന്നു. സീറ്റും യാത്രക്കാരുടെ വ്‌സ്ത്രങ്ങളും ഇതോടെ കത്തി. കോച്ചില്‍ യാത്രക്കാരുടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ യാത്രക്കാര്‍ ചങ്ങല വലിക്കുകയായിരുന്നു. നാല് കോച്ചുകളിലെ യാത്രക്കാര്‍ ചങ്ങല വലിച്ചു എന്നതില്‍ നിന്ന് തന്നെ സംഭവത്തിന്റെ ഭീകരത വ്യക്തമാണ്.

Advertisement

യാതൊരു പ്രകോപനവുമില്ലാതെ അക്രമി പെട്രോള്‍ ചീറ്റിച്ച് യാത്രക്കാരുടെ മേല്‍ തീ കൊളുത്തുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഡി-1 കോച്ചിലെ കരച്ചിലും ബഹളവും കേട്ട് മറ്റ് കോച്ചുകളില്‍ നിന്ന് യാത്രക്കാര്‍ എത്തിയപ്പോള്‍ വസ്ത്രം ഉള്‍പ്പെടെ കത്തിയ നിലയില്‍ പൊള്ളലേറ്റ മൂന്ന് സ്ത്രീകളെയും പുരുഷന്മാരെയുമാണ് കണ്ടത്. ചുവപ്പ് തൊപ്പിയും ഷര്‍ട്ടും ധരിച്ചയാളാണ് അക്രമി എന്നാണ് യാത്രക്കാരില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരം.

Advertisement

ചങ്ങല വലിച്ച് നിര്‍ത്തിയപ്പോള്‍ ട്രെയിന്‍ കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. അതിനാല്‍ തന്നെ പകുതിയോളം കോച്ചുകളിലെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. കോച്ചില്‍ തീ പടര്‍ന്നതോടെ പലരും രക്ഷപ്പെടാനായി തീവണ്ടിക്ക് പുറത്തേക്ക് ചാടിയിരുന്നു. ഇങ്ങനെ ചാടിയ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ട്രാക്കിന് സമീപത്ത് നിന്ന് ലഭിച്ചത് എന്നാണ് കരുതുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പുഴയിലേക്ക് ആരെങ്കിലും ചാടിയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

അതേസമയം രാത്രി പതിനൊന്നേ മുക്കാലോടെ കണ്ണൂരില്‍ എത്തിയ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ച് സുരക്ഷാ സേന സീല്‍ ചെയ്തു. ലോക്കോ പൈലറ്റ് എം.പി.മുരളിധരന്‍, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എ.ടി.സന്ധ്യ, ഗാര്‍ഡ് സുമ എന്നിവരാണ് ട്രെയിന്‍ നിയന്ത്രിച്ചിരുന്നത്.

Also Read- എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ കുട്ടിയുടെത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

Summary: train fire incident in Elathur; The fire was first reported by the railway official at Koyilandy, more details out