ഉംറ പാക്കേജ് മറയാക്കി സ്വര്‍ണക്കടത്തെന്ന് കസ്റ്റംസ്; കരിപ്പൂരില്‍ വ്യത്യസ്ത കേസുകളിലായി പിടികൂടിയത് മൂന്നുകോടിയുടെ സ്വര്‍ണം


കോഴിക്കോട്: ശനി, ഞായര്‍ ദിവസങ്ങളിലായി കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വര്‍ണം പിടികൂടി. ആറു വ്യത്യസ്ത കേസുകളിലായി ഡി.ആര്‍.ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വന്‍ സ്വര്‍ണവേട്ട നടത്തിയത്. ഉംറ പാക്കേജിന്റെ മറവില്‍ കള്ളക്കടത്ത് സംഘങ്ങള്‍ യാത്രാ ചെലവ് വഹിക്കുന്നുവെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.

ഇന്ന് രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്നും ഉംറ തീര്‍ത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരില്‍നിന്നുമായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചുകൊണ്ടുവന്ന 3455 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്‌സ്യൂളുകളാണ് പിടികൂടിയത്. മലപ്പുറം ഊരകം മേല്‍മുറി സ്വദേശിയായ വെളിച്ചപ്പാട്ടില്‍ ഷുഹൈബില്‍( 24) നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളും വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടന്‍ യൂനസ് അലി (34) യില്‍ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂലുകളുമാണ് പിടികൂടിയത്.

കൂടാതെ കാസറഗോഡ് മുലിയടുക്കം സ്വദേശിയായ അബ്ദുല്‍ ഖാദറി (22) ല്‍ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്‌സൂളുകളും മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാര്‍തൊടി മുഹമ്മദ് സുഹൈലി(24)ല്‍ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്‌സൂലുകളുമാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ചപ്പോള്‍ ഡി ആര്‍ ഐ ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.

ഇന്നു പിടികൂടിയതു കൂടാതെ ഇന്നലെ രാവിലെ എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ യാത്രക്കാരായ കോഴിക്കോട് സ്വദേശികളായ കേറ്റിണ്ടകയില്‍ ജംഷീറി (25)ല്‍ നിന്നും 1058 ഗ്രാമും അമ്പായപ്പറമ്പില്‍ ഷൈബുനീറി(39)ല്‍ നിന്നും 1163 ഗ്രാമും തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂലുകള്‍ വീതം ഡി ആര്‍ ഐ ഉദ്യോഗസ്ഥരും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയിരുന്നു.

കള്ളക്കടത്തുസംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നതെന്നാണ് യാത്രക്കാര്‍ വ്യക്തമാക്കിയത്. ഈ രീതിയില്‍ ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണ കള്ളക്കടത്തു നടത്തുവാന്‍ ശ്രമിച്ച ഏഴു യാത്രക്കാരെ കോഴിക്കോട് കസ്റ്റംസ് പ്രെവെന്റ്റീവ് ഉദ്യോഗസ്ഥരും എയര്‍ കസ്റ്റംസ് ബുധനാഴ്ചയും വ്യാഴാഴ്ചയും പിടികൂടിയിരുന്നു.