ശ്വസനേന്ദ്രിയ പ്രശ്നങ്ങൾ മുതൽ ഹൃദയാഘാതം വരെ; കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം



ന്യൂഡല്‍ഹി:
കോവിഡ് പ്രതിരോധ വാക്‌സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവാക്‌സിന്‍ എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരെ ഒരുവർഷത്തോളം നിരീക്ഷിച്ച് ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തയിത്. ഇവരിൽ അന്‍പത് ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. പലർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തി. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോ​ഗങ്ങൾ, ചർമരോ​ഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.

വാക്‌സിന്‍ എടുത്ത നാലുപേര്‍ മരിച്ചതായും പഠനത്തില്‍ പറയുന്നു. ഒരാളുടെ മരണം ഹൃദയാഘാതമൂലമാണെന്നും മറ്റുളളവരുടെ മരണം മറ്റ് പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്നും പഠനത്തില്‍ പറയുന്നു.

ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ​ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. അനുബന്ധ രോ​ഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.

കോവിഷീൽ‍ഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആ​ഗോളതലത്തിൽനിന്ന് അത്‌ പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്.