നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന സ്ഥിതി; പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മെയ് 18ന് നാട്ടുകാരുടെ യോഗം


കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി ഭാഗത്ത് നിരവധി കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുന്ന സ്ഥിതി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി നാട്ടുകാര്‍ യോഗം ചേരുന്നു. മെയ് 18 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് യോഗം നടക്കുക. അയ്യായിരത്തോളം വരുന്ന ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗം.

പന്തലായിനിയിലെ മൂന്ന് റോഡുകള്‍ക്ക് കുറുകേയാണ് ബൈപ്പാസ് കടന്നു പോകുന്നത്. പന്തലായിനി – വിയ്യൂര്‍ റോഡ്, കാട്ടുവയല്‍ റോഡ്, കോയാരിക്കുന്ന് റോഡ് എന്നിവയുടെ കുറുകേ ബൈപ്പാസ് കടന്നുപോകുന്നത് ഏകദേശം എഴര മീറ്റര്‍ ഉയരത്തിലൂടെയാണ്. ഇതുകാരണം ബൈപ്പാസിന്റെ ഇരുഭാഗത്തുമുള്ളവര്‍ എങ്ങനെയാണ് സര്‍വീസ് റോഡില്‍ പ്രവേശിക്കുക എന്നതും ബൈപ്പാസിന്റെ കിഴക്കുഭാഗത്തുള്ള (കാട്ടുവയല്‍, കൊയാരിക്കുന്ന്, കൂമന്‍തോട്, പെരുവട്ടൂര്‍, നടേരി ഭാഗങ്ങള്‍) വലിയൊരു ജനസഞ്ചയത്തിന് കൊയിലാണ്ടി ടൗണ്‍, പന്തലായിനി അഘോര ശിവക്ഷേത്രം, പന്തലായിനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബി.ഇ.എം.യു.പി.സ്‌കൂള്‍, ആര്‍.ശങ്കര്‍ മെമ്മോറിയല്‍ കോളജ്, ഗുരുദേവ മെമ്മോറിയല്‍ കോളജ്, മിനി സിവില്‍ സ്റ്റേഷന്‍, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലേയ്ക്ക് പോകാനോ, പടിഞ്ഞാറ് വശത്തുള്ളവര്‍ക്ക് പെരുവട്ടൂര്‍ യു.പി.സ്‌കൂള്‍, അമൃത വിദ്യാലയം എന്നിവിടങ്ങളിലേയ്ക്ക് പോകാനോ കഴിയാത്ത സ്ഥിതിയുണ്ട്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.