പിന്‍വാതിലിനരികില്‍ പൂട്ട് വീണ് കിടക്കുന്നത് കണ്ട് സംശയം തോന്നി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി; തുവ്വക്കോട് അമ്മയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയുടെ ഞെട്ടലില്‍ കുടുംബം


ചേമഞ്ചേരി: തുവ്വക്കോട് മാവിളി വീട്ടില്‍ ധന്യയുടെയും കുഞ്ഞിന്റെയും മരണവാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബവും പരിസരവാസികളും. ഇന്നലെ രാത്രി വൈകിയും ധന്യ വീട്ടില്‍ തന്നെയുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ പിന്‍വാതിലിന് അരികില്‍ പൂട്ട് വീണ് കിടക്കുന്നത് കണ്ട് ധന്യയുടെ ഭര്‍ത്താവിന്റെ അമ്മ സരോജിനി അന്വേഷിച്ചപ്പോഴാണ് ഇരുവരും വീട്ടിലില്ലയെന്ന കാര്യം മനസിലായത്. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയും ചുറ്റുപാടും പരിശോധിക്കുകയും ചെയ്തപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ധന്യയുടെ ഭര്‍ത്താവ് പ്രജിത്ത് വിദേശത്ത് ജിം ട്രെയ്‌നര്‍ ആയി ജോലി ചെയ്യുകയാണ്. ധന്യയും രണ്ട് മക്കളും സരോജിനിയുമാണ് വീട്ടില്‍ ഉണ്ടാവാറുള്ളത്. മൂത്തമകള്‍ കല്ല്യാണി ഒരാഴ്ച മുമ്പ് പൂക്കാടുള്ള അമ്മ വീട്ടിലേക്ക് പോയതാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കാറുള്ള സരോജിനി എഴുന്നേറ്റ് വാതില്‍ തുറന്നപ്പോള്‍ പിന്‍വാതിലിന് അരികില്‍ പൂട്ട് കണ്ടതോടെയാണ് ധന്യയെ അന്വേഷിച്ചത്. ധന്യയും കുഞ്ഞും കിടന്നുറങ്ങിയ മുകളിലത്തെ മുറിയില്‍ നോക്കിയപ്പോള്‍ ഇരുവരെയും കാണാതായതോടെ അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

പൂക്കാട് കുറ്റിയില്‍ ഗംഗാധരന്റെയും സുധയുടെയും മകളാണ് ധന്യ. സഹോദരി: ഐശ്വര്യ.