ജോലി കഴിഞ്ഞ് മടങ്ങിയത് ഒരുമിച്ച്, നിനച്ചിരിക്കാതെ വന്ന അപകടം,വാഹനാപകടത്തില്‍ മരിച്ച പൊയില്‍ക്കാവ് സ്വദേശി ഷില്‍ജയുടെ സംസ്‌കാരം ഇന്ന്‌


കൊയിലാണ്ടി: അപ്രതീക്ഷിത മരണത്തില്‍ നടുങ്ങി നാട്. എലത്തൂരില്‍ ലോറി ബൈക്കിലിടിച്ച് മരണപ്പെട്ട പൊയില്‍ക്കാവ് സ്വദേശിനി ഷില്‍ജയുടെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. വെസ്റ്റ്ഹില്ലില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ തിരിച്ചുവരുമ്പോള്‍ എലത്തൂര്‍ ചെട്ടിക്കുളം കൊട്ടേടത്ത് ബസാറില്‍ വെച്ചായിരുന്നു അപകടം. ലോറി ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്കിന് ഇടിച്ച് ലോറിക്കടിയില്‍ ബൈക്ക് പെടുകയായിരുന്നു. അപകടത്തില്‍ ലോറി ഷില്‍ജയുടെ ശരീരത്തിലൂടെ കയറിയറങ്ങി തല്‍ക്ഷണം മരിച്ചിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പോലീസും ആംബുലന്‍സും കൃത്യസമയത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ വണ്ടി തടഞ്ഞു. ഒരുമണിക്കൂറോളം കഴിഞ്ഞ് കൊയിലാണ്ടിയില്‍ നിന്നും ആംബുലന്‍സ് എത്തിയാണ് റോഡില്‍ നിന്നും മൃതദേഹം മാറ്റിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി റോഡില്‍ വാര്‍ന്നൊഴുകിയ രക്തം വെള്ളം അടിച്ച് പോക്കുകയായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പരേതനായ കല്ലുംപുറത്ത് രവിന്ദ്രന്റെയും ലക്ഷ്മിയുടെയും മകളാണ് (ഇരിങ്ങള്‍ ) സഹോദരന്‍ ഷിനീഷ്(ഗള്‍ഫ്). മക്കള്‍: അവന്തിക, അലന്‍ (പൊയില്‍ക്കാവ് യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).