ചെട്ടികുളത്ത് ബൈക്കില്‍ ലോറിയിടിച്ച് അപകടം; പരിക്കേറ്റ പൊയില്‍ക്കാവ് സ്വദേശിനി മരിച്ചു


കൊയിലാണ്ടി: ചെട്ടികുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. പൊയില്‍ക്കാവ് സ്വദേശി ചാത്തനാടത്ത് ഷില്‍ജയാണ് മരിച്ചത്. ഭര്‍ത്താവ് ബൈജുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ലോറിയിടിക്കുകയായിരുന്നു. ലോറിയ്ക്കടിയില്‍പ്പെട്ട ഷില്‍ജ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ബൈജുവിന് നിസാരപരിക്കുണ്ട്.

വെസ്റ്റിഹില്‍ ചുങ്കത്തെ ഒരു ലാബില്‍ ജോലി ചെയ്യുകയാണ് ഷില്‍ജയും ബൈജുവും. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ചെട്ടികുളം പഞ്ചിങ് സ്റ്റേഷന് അരികില്‍വെച്ച് ലോറി സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.