ചെട്ടികുളത്ത് ബൈക്കില്‍ ലോറിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി സ്വദേശികളെന്ന് സംശയം


കൊയിലാണ്ടി: ചെട്ടികുളം പഞ്ചിങ് സ്റ്റേഷന് സമീപം ബൈക്കില്‍ ലോറിയിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് ലോറിയ്ക്ക് അടിയില്‍പ്പെട്ട ബൈക്ക് യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ലോറി ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. കെ.എല്‍. 56ല്‍ തുടങ്ങുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിലുണ്ടായിരുന്നവര്‍ കൊയിലാണ്ടി സ്വദേശികളാണെന്നാണ് സൂചന.

രാത്രി ഏഴരയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും ലോറിയും. അപകടവിവരം അറിയിച്ചിട്ടും പൊലീസ് പെട്ടെന്ന് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.