ബസ് സ്റ്റാന്റില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കണം; ആവശ്യവുമായി നനഗരസഭ സെക്രട്ടറിയെ സമീപിച്ച് കോണ്‍ഗ്രസ്സ്


കൊയിലാണ്ടി: ബസ് സ്റ്റാന്റില്‍ കാല്‍നടയാത്രക്കാര്‍ക്ക് തുടര്‍ച്ചയായി അപകടം സംഭവിക്കുകയും ജീവഹാനി ഉള്‍പ്പെടെ സംഭവിച്ചിട്ടും നടപടികള്‍ ഇല്ലാതിരക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നഗരസഭ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി ഈ ആവശ്യമുയര്‍ത്തി നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി.

കാല്‍നടയാത്രക്കാര്‍ക്ക് നടക്കുവാനുള്ള ഫുടപാത്ത് തെരുവ് കച്ചവടക്കാര്‍ക്ക് അനുവദിച്ച് നല്‍കിയത് മൂലം യാത്രക്കാര്‍ ബസ്റ്റ് സ്റ്റാന്റിനുള്ളില്‍ ബസ്സുകള്‍ യാത്രചെയ്യേണ്ട വഴിയില്‍ ഇറങ്ങി നടക്കേണ്ടി വരികയാണ്. ഇത് നിരന്തരമായ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. അതിനാല്‍ ഫുട്പാത്തില്‍ നഗരസഭ തന്നെ വഴിയോര കച്ചവടക്കാര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ സംവിധാനം അടിയന്തരമായി നീക്കം ചെയ്യുകയും കച്ചവടക്കാരെ പനരധിവസിപ്പിക്കുകയും യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കി നല്‍കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍, വി.വി.സുധാകരന്‍, അഡ്വ. പി.ടി.ഉമേന്ദ്രന്‍, ശ്രീജാറാണി, രമ്യ മനോജ്, സുരേഷ് ബാബു.കെ, കെ.സുധാകരന്‍, ജിഷ പുതിയേടത്ത്, രാജേഷ് ബാബു.ജി എന്നിവര്‍ സംസാരിച്ചു.