കണ്ണൂരില്‍ കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരു വീട് ഭാഗികമായി തകര്‍ന്നു


കണ്ണൂര്‍: പേരാവൂര്‍ വെള്ളര്‍വള്ളിയില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. ഒരു വീട് ഭാഗികമായി തകര്‍ന്നു. വട്ടക്കരയിലെ കായലോടന്‍ മാധവി(55), സതി(43), വരിക്കേമാക്കല്‍ ബിന്‍സി സന്തോഷ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീട്ടില്‍ കുടുംബശ്രീ യോഗം നടക്കുന്നതിനിടെയായിരുന്നു അപകടം. ഇടിമിന്നലില്‍ വീടിന്റെ കോണ്‍ഗ്രീറ്റ് തൂണും ജനല്‍ ചില്ലുകളും വയറിങ്ങും കസേരകളും തകര്‍ന്നു.

പരിക്കേറ്റവരെ ആദ്യം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.