മറ്റ് നിവൃത്തിയില്ലാതെ വന്നപ്പോൾ ലോൺ എടുത്തു, തിരിച്ചു വീട്ടിലെത്തിയപ്പോൾ പണമില്ല; തകർന്നു പോയ മൂടാടി സ്വദേശിക്ക് രക്ഷയായത് ബസ് കണ്ടക്ടർ


മൂടാടി: താൽപ്പര്യം ഇല്ലാഞ്ഞിട്ടും മറ്റ് നിവൃത്തിയില്ലാതെ വന്നപ്പോൾ ബാങ്കിൽ നിന്ന് ലോൺ എടുത്ത് തിരികെ വീട്ടിൽ എത്തിയതായിരുന്നു നരേന്ദ്രൻ. പണം എടുത്ത് വെയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് ഒന്ന് എണ്ണിയപ്പോൾ അൻപതിനായിരം രൂപ കാണാനില്ല, വീണ്ടും നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇരുട്ടടി കിട്ടിയ അവസ്ഥയിലായി അദ്ദേഹം, ഒടുവിൽ ഏറെ നേരത്തെ വിഷമങ്ങൾക്കു ശേഷം ദൈവദൂതനെ പോലെ ഒരു വിളി എത്തി, പണം കളഞ്ഞു കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞ്, അതിനു വഴിയൊരുക്കിയത് സാമൂഹ്യ മാധ്യമത്തിലൂടെ സുഹൃത്ത് ഇട്ട സന്ദേശവും.

മൂടാടി സ്വദേശിയായ നരേന്ദ്രന്റെ പണമാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. ബാങ്കിൽ നിന്ന് ലോൺ എടുത്ത പണമാണ് കളഞ്ഞു പോയത്. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ ലോൺ എടുത്തിരുന്നു. അവിടുന്ന് ബസ് കയറി മൂടാടിയിലുള്ള വീട്ടിൽ എത്തി പണം നോക്കിയപ്പോൾ ആണ് 50000 രൂപ കാണാനില്ല എന്ന് മനസ്സിലായത്. ‘ഒരാൾ ലോൺ എടുക്കുന്നത് എപ്പോഴാണ്. അയാൾക്ക്‌ അത്രയേറെ പണത്തിനു അത്യാവശ്യം വരുമ്പോൾ. മറ്റൊരാളുടെ സഹായം പോരാതെ വരുമ്പോൾ. അങ്ങനെ നിവൃത്തിയില്ലാതെ ലോൺ എടുത്ത പണം ഉപകാരപ്പെടാതെ നഷ്ടപ്പെട്ടുപോകുന്നത് ആർക്കെങ്കിലും താങ്ങാൻ കഴിയുമോ’.

നരേന്ദ്രന്റെ സംഘാടകരമായ അവസ്ഥ മനസ്സിലാക്കിയ സുഹൃത്ത് സഹായിക്കാനായി മുന്നോട്ട് വന്നു. പണം നഷ്ട്ടപെട്ടു എന്നൊരു സന്ദേശം ഇയാൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ജനങ്ങളിലേക്കെത്തിച്ചു. അങ്ങനെ ആ സന്ദേശം കൈമാറി കൈമാറി തിക്കോടി സ്വദേശി സജിത്തിന്റെ ഫോണിലും എത്തി. അങ്ങനെയാണ് തനിക്കു അന്നേ ദിവസം ബസ്സിൽ നിന്ന് കളഞ്ഞു കിട്ടിയ പണത്തിന്റെ ഉടമയെ ഇയാൾ കണ്ടെത്തിയത്. കൊയിലാണ്ടി വടകര റൂട്ടിൽ ഓടുന്ന ശ്രീ രാം ബസിലെ കണ്ടക്ടർ ആണ് ഇയാൾ.

ഉടനെത്തന്നെ നരേന്ദ്രനെ വിളിച്ച് ഈ പണം കൈമാറുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി വേദനിച്ചു നിൽക്കുമ്പോൾ ദൈവദൂതനെ പോലെയാണ് ഈ ബസ് കണ്ടക്ടർ എത്തി പണം തിരികെ നൽകുന്നത്. നന്മ നഷ്ടപ്പെട്ടിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ഈ കണ്ടക്ടർ എന്ന് നരേന്ദ്രനും സംഘവും പറയുന്നു. കയ്യടിക്കാം, മാതൃകാപരമായ പ്രവർത്തി കാഴ്ച വെച്ച കണ്ടക്ടറിന്റെ നന്മയ്ക്കായി….