‘ശുചിത്വ സാഗരം, സുന്ദര തീരം’: കടലോരത്തെ സംരക്ഷിക്കാനായി അവര്‍ ചുവടു വെച്ചു; തിക്കോടിയില്‍ കടലോര നടത്തം


Advertisement

തിക്കോടി: ഗ്രാമപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തിക്കോടി കോടിക്കല്‍ എ.യു.പി സ്‌കൂള്‍ മുതല്‍ പയട്രി പാര്‍ക്ക് വരെ കടലോര നടത്തം സംഘടിപ്പിച്ചു. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാനുള്ള ‘ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ തുടക്കമായാണ് കടലോര നടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisement

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കുടുംബശ്രീ, മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 25 പേർ അടങ്ങുന്ന മൂന്ന് ആക്ഷൻ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് സംഭരണത്തിനും ശാസ്ത്രീയമായ സംസ്‌ക്കരണത്തിനും സംവിധാനമൊരുക്കും.

Advertisement

ഫിഷറീസ് ഓഫീസര്‍ എം .ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യന്‍, ആര്‍.വിശ്വന്‍, കെ.പി ഷക്കീല, എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.അബ്ദുള്‍മജീദ്, ബിനു കാരോളി, ജിഷ കാട്ടില്‍, വിബിത ബെെജു, സിനിജ, സൗജത്ത് യു.കെ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് പ്രമോട്ടര്‍മാരായ ഡില്‍ന, ഗായത്രി, ശിശിന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement

വടകര തീരദേശ പോലീസ് കോണ്‍സ്റ്റബിള്‍മാരായ വിജേഷ്, ജംഷീറ എന്നിവര്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി പരിപാടിയില്‍ പങ്കുചേര്‍ന്നു. കടലോര നടത്തത്തിൽ പയ്യോളി ഹെെസ്കൂളിലെ എസ്.പി.സി. എൻ.എസ്.എസ്, സ്കൗട്ട് വിഭാഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളായി.