വീടിനുള്ളിലും രക്ഷയില്ല, ജനലിലൂടെ കയ്യിട്ട് ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചു, മാവൂരിൽ പിടിവലിക്കൊടുവിൽ സ്വർണ്ണമാല കവർന്ന് കള്ളൻ


മാവൂർ: മാവൂരിൽ ജനലിനുള്ളിലൂടെ കയ്യിട്ട് യുവതിയുടെ സർണ്ണമാല കവർന്ന് കള്ളൻ. പെരുവയൽ കല്ലേരി പീടികക്കണ്ടിയിൽ ഷമീനയുടെ മൂന്നരപ്പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

വീട്ടിൽ ഉറങ്ങുകയായിരുന്നു ഷമീന. ഇതിനിടയിൽ വീട്ടിലെത്തിയ കള്ളൻ ജനലിനുള്ളിലൂടെ കൈയിട്ട് മാല പൊട്ടിച്ച് എടുക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം ഷമീനയ്ക്ക് തിരിച്ചുകിട്ടി.

യുവതി മാവൂർ പോലീസിൽ പരാതിനൽകി. മാവൂർ ഇൻസ്പെക്ടർ കെ. വിനോദന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം വെള്ളലശ്ശേരിയിൽ ചോയ്സ് സ്കൂളിന് സമീപത്തുകൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന്‌ ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചിരുന്നു. ഇതിന്റെ അന്വേഷണവും നടക്കുന്നുണ്ട്.