താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി എട്ടംഗ സംഘം യുവാവിനെ ആക്രമിച്ചു; 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. അറുപത്തിയെട്ട് ലക്ഷം രൂപയാണ് നഷ്ടമായത്. കര്‍ണാടക മൈസൂര്‍ ലഷ്‌കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) ആണ് കവര്‍ച്ചയ്ക്ക് ഇരയായതായി പരാതി നല്‍കിയത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചുരത്തില്‍ ഒമ്പതാം വളവിന് താഴെയാണ് സംഭവം. മൈസൂരില്‍ നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്നു വിശാല്‍. ചുരത്തില്‍വെച്ച് എട്ടംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണവും ഫോണും കവര്‍ന്നശേഷം കാറുമായി കടന്നുകളഞ്ഞെന്നാണ് പരാതി. രണ്ടു കാറുകളിലായാണ് സംഘം വന്നത്.

വിശാലിന്റെ കാറിന്റെ ഒരു വശത്തെ ക്ലാസ് തകര്‍ത്തശേഷം ഇയാളെ കാറില്‍ നിന്ന് വലിച്ച് പുറത്തിട്ട് കമ്പിവടി ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇയാള്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് വിശാല്‍ പറയുന്നത്. താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൊടുവള്ളിയില്‍ നിന്നും പണയ സ്വര്‍ണം വാങ്ങാനായി പണവുമായെത്തിയതാണ് താനെന്നാണ് വിശാല്‍ പറയുന്നത്. അതേസമയം, കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്‍പ്പണമാവാമെന്ന സംശയമുണ്ട്.