കാത്തിരിക്കുന്ന ദൃശ്യവിസ്മയത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആറാട്ടും പൂവെടിയും ഇന്ന്


പയ്യോളി: കീഴൂര്‍ ശ്രീ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ടും പൂവെടിയും ഇന്ന്. ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ് ആറാട്ടും അതിനുശേഷം ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന പൂവെടിയും. ആയിരക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഈ ദൃശ്യവിസ്മയം കാണാന്‍ ഇവിടെയെത്തുന്നത്.

രാവിലെ ആറുമണിക്ക് ആരംഭിച്ച ഉഷപൂജയോടെയാണ് ഇന്നത്തെ ചടങ്ങുകള്‍ തുടങ്ങിയത്. 9.30് പത്മനാഭന്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ അരങ്ങേറി. 12മണിക്ക് പ്രസാദ് ഊട്ട് തുടങ്ങി.

4.30ന് കലാമണ്ഡലം സനൂപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യമേളവും തുടര്‍ന്ന് നാദസ്വര മേളവവും നടക്കും. അഞ്ച് മണിക്ക് കുടവരവ് തിരുവായുധം വരവ് ഉപ്പും തണ്ടുംവരവ് തുടര്‍ന്ന് കാരക്കെട്ട് വരവ് എന്നിവ നടക്കും.

വൈകിട്ട് 6.30ന് കൊങ്ങന്നൂര്‍ ഭഗവതിയുടെ എഴുന്നള്ളത്ത് യാത്രബലി ആറാട്ട് എഴുന്നള്ളിപ്പ് എന്നിവ നടക്കും. കൊങ്ങന്നൂര്‍ എഴുന്നള്ളത്ത് എത്തിച്ചേരുന്നതോടെ തൃക്കുറ്റിശ്ശേരി ശിവങ്കരമാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തിന്റെയും വിവിധ മേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ആറാട്ടെഴുന്നള്ളത്ത് നടക്കും. ഏഴുമണിക്ക് യാത്രാബലി.

എട്ടരയോടെ ആറാട്ടെഴുന്നള്ളത്ത് ഇലഞ്ഞിക്കുളങ്ങര എത്തി പിലാത്തറ മേളത്തിന് മുമ്പും ശേഷവും കീഴൂര്‍ ചൊവ്വ വയലില്‍ കരിമരുന്ന പ്രയോഗമുണ്ടായിരിക്കും. രാത്രി പതിനൊന്ന് മണിയോടെ എഴുന്നളളത്ത് പൂവെടിത്തറയില്‍ എത്തിച്ചേരുന്നതോടെ പാണ്ടിമേളം, പഞ്ചവാദ്യം, നാദസ്വരം, കേളിക്കൈ, കൊമ്പ് പറ്റ്, കുഴല്‍ പറ്റ് എന്നിവയും ഇതിനുശേഷം ആയിരക്കണക്കിനാളുകള്‍ കാത്തിരിക്കുന്ന പൂവെടിയും നടക്കും.