എം.എ യൂസഫലിയുടെ മകളുടെ കോഴിക്കോടുള്ള വീട്ടില്‍ മോഷണം; പ്രതി പിടിയില്‍
കോഴിക്കോട്: എം.എ യൂസഫലിയുടെ മകളുടെ മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് പിറകിലുള്ള വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്ത് (39) ആണ് പിടിയിലായത്.
ജൂണ്‍ ആദ്യവാരമായിരുന്നു മോഷണം നടന്നത്. പൂട്ടിയിട്ട വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ പ്രതി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ കൈലാസ് നാഥ് എസ്.ബി, എ.എസ്.ഐ ഷൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, ഹരീഷ് കുമാര്‍,സി ബബിത്ത് കുറിമണ്ണില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.