ലോഡ്ജുകളില്‍ താമസിച്ച് മോഷണവും ലഹരിവില്പനയും; അത്തോളി സ്വദേശിയായ ഇരുപത്തിമൂന്നുകാരനടക്കം രണ്ടുപേര്‍ പിടിയില്‍
അത്തോളി: ലോഡ്ജുകളില്‍ കഴിഞ്ഞ് മോഷണവും ലഹരി മരുന്ന് വില്‍പ്പനയും നടത്തിയ അത്തോളി സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍. അത്തോളി മേനേത്ത് വീട്ടില്‍ രാഹുല്‍രാജ് (23), അലനെല്ലൂര്‍ അത്താണിപ്പടി പാറക്കല്‍ വീട്ടില്‍ ഖാലിദ് (30) തുടങ്ങിയവരാണ് പിടിയിലായത്. വളാഞ്ചേരിയിലെ ഒരു ലോഡ്ജില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്.
പരിശോധനക്കിടെ പ്രതികള്‍ കത്തി കൊണ്ട് സ്വയം മുറിവുണ്ടാക്കിയും പോലീസിനെ ആക്രമിച്ചും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സാഹസികമായി കീഴടക്കിയാണ് അറസ്റ്റ് ചെയ്തത്.
ലോഡ്ജുകള്‍ മാറി മാറി താമസിച്ച് പരിസര പ്രദേശങ്ങളില്‍ കവര്‍ച്ചയും ലഹരി വില്‍പ്പനയും നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അറസ്റ്റിലായ രാഹുല്‍ രാജിനെതിരെ കോഴിക്കോട് കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിരവധി കേസുകളുണ്ട്. കവര്‍ച്ച കേസുകളും സ്‌റ്റേഷനില്‍ അതിക്രമം കാണിച്ച് പൊലീസിനെ കയ്യേറ്റം ചെയ്ത കേസുകളും ഉള്‍പ്പെടെയാണിത്.
ഖാലിദ് നിരവധി ലഹരിമരുന്ന് കേസുകളിലും കവര്‍ച്ച കേസുകളിലും പ്രതിയാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മോഷണം പോയ ബൈക്ക് ഇവരില്‍ നിന്നും കണ്ടെടുത്തു.
അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടമാരായ ജലീല്‍ കരുത്തേടത്, ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, ഉദയന്‍, വിനീത് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.