തിയേറ്ററുകളില്‍ പ്രദര്‍ശനം അവസാനിക്കും മുമ്പ് ഒടിടി റിലീസ്: സമരവുമായി സിനിമാ സംഘടനകള്‍


കോഴിക്കോട്: തിയേറ്ററുകളില്‍ പ്രദര്‍ശനം അവസാനിക്കും മുമ്പ് ഒടിടിയില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെതിരെ സമരം പ്രഖ്യാപിച്ച് തിയേറ്റര്‍ ഉടമകള്‍. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഫിയോക്ക്, മള്‍ട്ടിപ്ലസ് പ്രതിനിധികള്‍, സിനിമ എക്‌സിബിറ്റേഴ്‌സ്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്ന യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്.

ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ തിയേറ്ററുകള്‍ അടച്ചിടാനാണ് കേരള തിയേറ്റര്‍ അസോസിയേഷന്റെ തീരുമാനം. അന്നേ ദിവസങ്ങളില്‍ സിനിമ കാണാനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പണം റീഫണ്ട് ചെയ്തു നല്‍കുമെന്നും അസോസിയേഷന്‍ പറയുന്നു.

തിയേറ്ററുകളില്‍ റിലീസ് ചെയ്ത് 42 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് നിലവിലെ നിയമം. എന്നാല്‍ ടൊവീനോ തോമസ്, ലാല്‍, ആസിഫ് അലി തുടങ്ങിയവര്‍ പ്രധാന താരങ്ങളായി എത്തിയ 2018 തിയേറ്ററുകളിലെത്തി ഒരു മാസത്തിനു ശേഷം ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രം പെട്ടെന്നു തന്നെ ഒടിടിയില്‍ റിലീസ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

2023 ഫെബ്രുവരിയിലായിരുന്നു ഒടിടി റിലീസില്‍ ഫിലിം ചേമ്പര്‍ നിയന്ത്രണം കടുപ്പിച്ചത്. എന്നാല്‍ മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവ് അനുവദിച്ചിരുന്നു. കൂടാതെ സിനിമാ തിയേറ്ററുകളില്‍ നിന്നും പ്രതികരണങ്ങള്‍ എടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊറോണയ്ക്ക് ശേഷം ഒടിടിയില്‍ സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.