യാത്രയ്ക്കിടെ യുവതി കുഴഞ്ഞു വീണു, ബസ്സിനെ ‘ആംബുലന്‍സാ’ക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ച് ജീവനക്കാര്‍; സമയോചിതമായ ഇടപെടല്‍ നടത്തിയ ശ്രീറാം ബസ്സിലെ ജീവനക്കാര്‍ക്ക് കയ്യടി)കൊയിലാണ്ടി:
ബസില്‍ കുഴഞ്ഞുവീണ യുവതിയെ അതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കി കൊയിലാണ്ടിയിലെ ബസ് ജീവനക്കാര്‍. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന ശ്രീറാം ബസിലെ ജീവനക്കാരാണ് സമൂഹത്തിന് മാതൃകയായത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു ബസ്. മൂടാടി സ്വദേശിനിയായ യുവതിയാണ് കുഴഞ്ഞുവീണത്. മൂടാടിയില്‍ നിന്നും ബസില്‍ കയറിയ ഇവര്‍ വെള്ളത്തിന് ആവശ്യപ്പെടുകയും വെള്ളം കൊടുത്തതിനു പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നെന്ന് ശ്രീറാം ബസിലെ ക്ലീനറായ അനൂപ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ബസ് ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് പോവുകയും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. യാത്രക്കാരും പൂര്‍ണമായി സഹകരിച്ചെന്ന് അനൂപ് പറയുന്നു.

യുവതിയെ ആശുപത്രിയിലെത്തിച്ച് ബസ് തിരിച്ച് കൊയിലാണ്ടി സ്റ്റാന്റിലേക്ക് പോയെങ്കിലും കണ്ടക്ടര്‍ സഹായിയായി ആശുപത്രിയില്‍ തന്നെ നില്‍ക്കുകയും ചെയ്തു. വിവരം അറിഞ്ഞ് യുവതിയുടെ സഹോദരി എത്തിയതിനു പിന്നാലെയാണ് കണ്ടക്ടര്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചുപോന്നത്. യുവതിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടശേഷം വൈകുന്നേരത്തോടെ ആശുപത്രി വിടുകയും ചെയ്തു.