മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റു; കോഴിക്കോട് പതിനാറുകാരന് ദാരുണാന്ത്യം


കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു.

ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിട്ടും ചാര്‍ജ്ജ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു അഭിഷേക്. പ്ലഗ് ഊരി നോക്കവെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടന്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഝാര്‍ഖണ്ഡില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അഭിഷേക്. അച്ഛന്‍ പ്രദീപ് ഝാര്‍ഖണ്ഡ് സ്വദേശിയാണ്. ഒരു മാസം മുമ്പാണ് അഭിഷേക് അമ്മ ബിന്ദുവിന്റെ പയ്യാനക്കലെ വീട്ടിലെത്തിയത്. ശശാങ്ക് നായരാണ് സഹോദരന്‍.

മൃതദേഹം ഇന്ന് മാനാരി ശ്മശാനത്തില്‍ സംസ്‌കരിക്കും.