വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കമുണ്ടാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു; സോഷ്യല്‍മീഡിയയില്‍ ദുരനുഭവം പങ്കുവെച്ച്‌ യുവനടി


കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവനടി. മുംബൈയില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് 7.20ന് നെടുമ്പാശ്ശേരിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന സഹയാത്രികന്‍ അനാവശ്യമായി വാക്കുതര്‍ക്കമുണ്ടാക്കിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി.

പ്രശ്‌നമുണ്ടായപ്പോള്‍ തന്നെ എയര്‍ ഹോസ്റ്റസിനോട് കാര്യം പറഞ്ഞുവെന്നും എന്നാല്‍ സഹയാത്രികനെതിരെ നടപടിയെടുക്കാതെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്‌തെന്നാണ് യുവ നടി പറയുന്നത്. വിഷയത്തില്‍ പോലീസിന് പരാതി നല്‍കാനായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ നടിയോട് പറഞ്ഞത്.

തുടര്‍ന്ന് കൊച്ചിയിലെത്തിയ നടി നെടുമ്പോശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് അറിയിച്ചു. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.