ഗൈനക്കോളജി വിഭാഗവും പ്രസവത്തിനുള്ള സൗകര്യവുമില്ല; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി യുവതി


ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ യുവതിക്ക് സുഖപ്രസവം. കിനാലൂർ ഓണിവയൽ സ്വദേശി ലിനീഷിന്റെ ഭാര്യ സൗമ്യയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഗൈനക്കോളജി വിഭാഗമോ പ്രസവത്തിന്‌ സൗകര്യമോ ഇല്ലാത്തതിരുന്നിട്ടും യുവതിയുടെ ആരോ​ഗ്യ സ്ഥിതിമനസിലാക്കിയ ഡോക്ടർ പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് സൗമ്യയെ പ്രസവവേദനയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രസവസൗകര്യമുള്ള ആശുപത്രിയിൽ എത്തിപ്പെടുകയെന്നത് സാധ്യമല്ലാത്തതിനാൽ അടിയന്തരമായി താലൂക്കാശുപത്രിയിൽ പ്രവേശപ്പിക്കുകയായിരുന്നു. അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനൂപ് കൃഷ്ണയും സംഘവും സമയോചിതമായി ഇടപെട്ട് പ്രസവത്തിന് സൗകര്യമൊരുക്കി. പ്രസവത്തിനുശേഷം പ്രാഥമിക ചികിത്സകൾ നൽകി അമ്മയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നഴ്സിങ് ഓഫീസർമാരായ ഫരീദ, ഫസ, നഴ്സിങ് അസിസ്റ്റന്റ് വത്സല, ഹോസ്പിറ്റൽ അറ്റന്റർ സിന്ധു എന്നിവർ ഉൾപ്പെടെ അടിയന്തരഘട്ടത്തിൽ ഇടപെട്ടാണ് യുവതിക്ക് ചികിത്സാസൗകര്യമൊരുക്കിയത്. സൗമ്യയും കുഞ്ഞും പൂർണ ആരോഗ്യത്തൊടെയാണ് ആശുപത്രി വിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

വർഷങ്ങൾക്ക് മുൻപ് പ്രസവം ഉൾപ്പെടെ നടന്നിരുന്ന ആശുപത്രിയായിരുന്നു ബാലുശ്ശേരിയിലേത്.‌ പിന്നീട് താലൂക്ക് ആശുപത്രിയായി ഉയർന്നെങ്കിലും അന്നുണ്ടായിരുന്ന സൗകര്യങ്ങൾ ഇല്ലാതാവുകയായിരുന്നു.

Summary: The woman gave birth to a baby in the Balussery Taluk Hospital