ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി


കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെയാണ് ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

സര്‍ജറി വിഭാഗം തിയേറ്ററില്‍നിന്ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയ യുവതിയാണ് സര്‍ജറി ഐ.സി.യു.വിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡറുടെ പേരില്‍ പരാതി നല്‍കിയത്.

ശനിയാഴ്ച ശസ്ത്രക്രിയക്കുശേഷം അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്ന യുവതിയെ തിയേറ്ററില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റിയശേഷം അവിടെവെച്ച് ജീവനക്കാരന്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. കണ്ടാലറിയുന്ന ജീവനക്കാരനാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരന്റെ പേരില്‍ മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തു.