മാപ്പ് ആര്‍ഹിക്കാത്ത കുറ്റം; ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് തൂക്കുകയര്‍


കൊച്ചി:ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കുറ്റകൃത്യം നടന്ന് 110-ാം ദിവസം കേസില്‍ വിധി പ്രഖ്യാപിച്ചത്.

ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചു. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്.
സമാനതകളില്ലാത്ത ലൈംഗികാതിക്രമമാണ് കുട്ടിയോട് പ്രതി കാട്ടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മുന്‍കൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണിതെന്നും പ്രതി പീഡിഫീലിക് ആണെന്നും നേരത്തെയും സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ക്രൂരമായ അതിക്രമമാണ് പെണ്‍കുട്ടിയുടെ ശരീരത്തോട് കാണിച്ചതെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ് നടന്നതെന്നും അതിനാല്‍ വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നേരത്തെ അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം പ്രതിയുടെ മാനസിക പരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം പ്രതിയുടെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍, ആലുവ ജയില്‍ അധികൃതര്‍, ജില്ലാ പ്രൊബേഷനറി ഓഫീസര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും വാദിച്ച പ്രൊസിക്യൂഷന്‍ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ അസ്ഫാക് ആലം  തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.