ടിക്കറ്റ് പരിശോധകന്റെ വേഷം കെട്ടിയത് സ്ലീപ്പർ കോച്ചിൽ, വിശ്രമം എ.സിയിൽ; യാത്രക്കാരിൽ നിന്ന് പണം തട്ടിയ മൂടാടി സ്വദേശി കുടുങ്ങിയത് ഇങ്ങനെ


കൊച്ചി: ടിക്കറ്റ് പരിശോധകനെന്ന വ്യാജേന യാത്രക്കാരില്‍ നിന്നും പണം തട്ടുന്നതിനിടെയാണ് മൂടാടി സ്വദേശിയായ ഫെെസൽ പിടിയിലായത്. മലബാര്‍ എക്‌സ്പ്രസിലെ കാറ്ററിങ് ജീവനക്കാരനായ ഫെെസൽ തൃശ്ശൂരിലെത്തിയപ്പോൾ സ്ലീപ്പർ കോച്ചിൽ കയറിയാണ് ആൾമാറാട്ടം നടത്തിയത്. ആലുവയിൽ വെച്ച് ഇയാളെ യഥാർഥ ടിടിഇ ഗിരീഷ് കുമാർ പിടികൂടുകയായിരുന്നു.

തിരുവനന്തപുരം ഡിവിഷൻ കാറ്ററിങ് സർവീസിന്റെ ടാഗ് ധരിച്ച ഫെെസൽ ട്രെയിൻ തൃശൂരിലെത്തിയപ്പോഴാണ് സ്ലീപ്പർ കോച്ചിൽ കയറിയത്. കോച്ചിൽ ടിടിഇ ആയി ചമഞ്ഞ് ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. റിസർവേഷൻ ടിക്കറ്റില്ലാതെ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്ത മൂന്നുപേരെ പിടികൂടി ഇവരിൽ നിന്ന് നൂറ് രൂപ പിഴ ഈടാക്കുകയായിരുന്നു. രസീത് നൽകുന്നതിന് പകരം അവരുടെ ടിക്കറ്റുകളിൽ തുക എഴുതി ഒപ്പിട്ടുനൽകുകയായിരുന്നു.

ടിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഫൈസൽ എസി കോച്ചിൽ കയറി വിശ്രമിക്കുന്നതിനിടെയാണ് യഥാർഥ ടിടിഇയുടെ പിടിയിലാകുന്നത്. അതോടെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ കാര്യം മറ്റ് യാത്രക്കാർ ടിടിഇയെ അറിയിച്ചു. യാത്രക്കാരുടെ സഹായത്തോടെ പ്രതിയെ റെയിൽവേ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തിരുവനന്തപും ഡിവിഷൻ എന്ന ടാഗ് ധരിച്ചതിനാൽ അദ്ദേഹം ടിടിഇ ആണെന്നാണ് യാത്രക്കാർ കരുതിയത്.

എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു. നേരത്തെ യുവാവ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ALSO READ- ടിക്കറ്റ് പരിശോധകൻ ചമഞ്ഞ് യാത്രക്കാരനിൽ നിന്നും പണം തട്ടി; മൂടാടി സ്വദേശി അറസ്റ്റിൽ

Summary: The role of ticket checker was played in the sleeper coach, rest in  AC. This is how the Moodadi native got caught after extorting money from passengers