വിയോജിപ്പ് രേഖപെടുത്തിയിട്ടും കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ സ്മാരക മ്യൂസിയമാക്കാൻ ഉള്ള നീക്കം; ഓംബുഡ്സ്മാൻ വിധിക്കെതിരെ ഭരണസമിതിയുടെ അടിയന്തര യോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്ക് പേരും ബഹളവും; യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി


കീഴരിയൂർ: ധീര സമര സേനാനികളുടെ സ്മരണകൾ നില നിർത്താനായി നിർമ്മിച്ച കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ സ്മാരക മ്യൂസിയമാക്കാൻ അനുവദിക്കില്ല എന്ന് യു.ഡി.എഫ്. ഇതുമായി ബന്ധപ്പെട്ട ഓംബുഡ്സ്മെൻ വിധിക്കെതിരെ അപ്പീൽ പോകാനുള്ള ഭരണ കക്ഷിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

സ്മാരക കമ്മ്യൂണിറ്റി ഹാൾ ഗ്രാമസഭയുടെയോ ഫണ്ട് നൽകിയ എം.പിയുടേയോ എം.എൽ.എയുടേയോ അറിവോ സമ്മതമോ ഇല്ലാതെ മാറ്റം വരുത്താൻ പാടില്ലെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ വിധി പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം.

മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച കീഴരിയൂരിലെ നാലാം വാർഡിലെ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ, പേരാമ്പ്ര എം എൽ എ, ടി.പി രാമകൃഷ്ണന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് മുകൾ നിലയിലേക്ക് മാറ്റി, നിലവിലുള്ള കമ്മ്യൂണിറ്റി ഹാൾ ചരിത്ര മ്യൂസിയമക്കാനുള്ള ഡി പി സി അംഗീകരിച്ച പ്രോജക്ട് അംഗീകരിക്കാതെ, ഇരുനിലയിലും മ്യൂസിയമാക്കാനുള്ള ഭരണസമിതി തീരുമാനം റദ്ദ് ചെയ്ത് ആയിരുന്നു ഓംമ്പുഡ്‌സ്മാൻ വിധി.

എന്നാൽ ഇതിനെതിരെ ഇന്ന് അടിയന്തര യോഗം കൂടുകയും ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുക്കുകയുമായിരുന്നു. വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് യോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്ക് പേരും ബഹളവും നടന്നു. പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് അഞ്ച് യു.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട ജനങ്ങളുടെ നികുതി പണമുപയോഗിച്ച് കോടതിയെ സമീപിക്കാനുള്ള ഭരണ സമിതിയുടെ തെറ്റായ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

‘പൊതു പരിപാടികൾ നടത്തുന്നതിനുള്ള ഏക കേന്ദ്രമായ ബോംബു കേസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ അടച്ചു പൂട്ടുന്നത് നാടിന് ദ്രോഹമാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഓംബുഡ്സ് മാൻ വിധിയെ മറികടക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്’ യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.

യു.ഡി.എഫിന്റെ നേതൃത്വത്തിൽ കീഴരിയൂർ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. യോഗത്തിനു പഞ്ചായത്തംഗങ്ങളായ കെ.സി.രാജൻ, ഇ.എം മനോജ്, കുറ്റ്യയത്തിൽ ഗോപാലൻ, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ, ചുക്കോത്ത് ബാലൻ നായർ, ഒ.കെ കുമാരൻ, എൻ ടി.ശിവാനന്ദൻ, ടി.എ സലാം, പാറക്കീൽ അശോകൻ ദീപക് കൈപ്പാട്ട് എന്നിവർ നേതൃത്വം കൊടുത്തു.