സംസ്ഥാനത്ത് ചൂട് ഇനിയും കൂടിയേക്കും; ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍


കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്. പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്.

കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഉയര്‍ന്ന താപനിലയാണ്. ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണവും കൂടുതലായി. മാര്‍ച്ച് തുടങ്ങിയതു മുതല്‍ പുനലൂരില്‍ 37 മുതല്‍ 39 ഡിഗ്രി വരെ ചൂടാണ്. 37 ഡിഗ്രിയില്‍നിന്ന് താഴ്ന്നിട്ടുമില്ല.

പാലക്കാടിന്റെ സ്ഥിതിയും ഇതുതന്നെ. ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥയും. മാര്‍ച്ചില്‍ സാധാരണ 36 മുതല്‍ 37 ഡിഗ്രിവരെ താപനില ഉയരാറുണ്ട്. ഇത്തവണ അതിനും അപ്പുറമായി. മാര്‍ച്ച് 20 ആവുമ്പോള്‍ പാലക്കാട്, കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി വരെ താപനില ഉയരും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 37 ഡിഗ്രിയെത്തും. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെ താപനില ഉയരും.

സംസ്ഥാനത്ത് ഇത്തവണ ലഭിച്ച മഴയുടെ അളവിലും വലിയ കുറവുണ്ട്. 1.4 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ശരാശരി 18.1 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് എന്നിവിടങ്ങിളില്‍ മഴ പെയ്തില്ല. ചെറിയ മഴ ലഭിച്ചത് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. മാര്‍ച്ച് അവസാനവാരം വേനല്‍ മഴയുണ്ടാകുമെന്നും അത് കഴിഞ്ഞാല്‍ ഏപ്രില്‍ രണ്ടാവാരം മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥാപ്രവചനം. വേനല്‍ മഴ കനിഞ്ഞാലെ ചൂടിന് അറുതി വരൂ.

ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് ഇതുവരെ രേഖപ്പെടുത്തിയത് – 39.7 ഡിഗ്രി -പാലക്കാട്

ഈ വര്‍ഷം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് – 41.4 ഡിഗ്രി -ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ല

എല്‍നിനോ എന്ന പ്രതിഭാസമാണ് കനത്ത ചൂടിന് കാരണമായത്. പസഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തില്‍ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ഇത് സജീവമാകുമ്പോള്‍ അന്തരീക്ഷ താപനില വര്‍ധിക്കും. താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആര്‍ദ്രത വര്‍ധിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ കൂടിയ ചൂട് അനുഭവപ്പെടാന്‍ കാരണമാകും.