ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്നു; തൂണില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് യുവാവ് മരിച്ചു


കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. റിജാസ് ആണ് മരിച്ചത്. പതിനെട്ടുവയസായിരുന്നു.

ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. രാത്രി ഒരുമണിയോട് കൂടിയാണ് അപകടം നടന്നത്.

കോഴിക്കോടുനിന്നും സുഹൃത്തിനൊപ്പം പൂവാട്ട് പറമ്പിലേക്ക് പോകുകയായിരുന്നു റിജാസ്. പൂവാട്ട് പറമ്പ് എത്തുന്നതിന് മുമ്പ് ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നാണ് റിജാസ് സമീപത്തെ കടയില്‍ കയറി നില്‍ക്കുകയും സുഹൃത്ത് പെട്രോള്‍ വാങ്ങാനായി പോകുകയുമായിരുന്നു.

ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ റിജാസിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.