കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ


കുറ്റ്യാടി : ഊരത്ത് മാവുള്ളചാലിൽ വയോധിക മരിച്ച സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. ഊരത്ത് സ്വദേശി ബഷീർ(40) ആണ് അറസ്റ്റിലായത്. നാട്ടുകാരുടെ സഹായത്തോടെ വടകരയിൽവെച്ചാണ് പ്രതി പിടിയിലാകുന്നത്.

മലപ്പുറം കാടാമ്പുഴ ചെരട മുഹമ്മദിന്റെ ഭാര്യ കറുത്തോടം ഖദീജുമ്മ(85)യാണ് ശനിയാഴ്ച രാത്രി മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. ബഷീറിന്റെ പേരിൽ 304 വകുപ്പ്‌ പ്രകാരം നരഹത്യക്കാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബഷീർ മർദിച്ചതിനെത്തുടർന്നുണ്ടായ മാനസികമ്മർദത്തിൽ ഹൃദയാഘാതം വന്നാണ് വയോധിക മരിച്ചതെന്ന് കുറ്റ്യാടി സ്റ്റേഷൻ സി.ഐ. യു.പി. വിപിൻ പറഞ്ഞു. പ്രതി പലപ്രാവശ്യം സമാനരീതിയിൽ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ഖദീജയുടെ മകൾ ഫാത്തിമയുടെ മകന്‍ ബഷീര്‍ പണം ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും പണം ചോദിച്ച് കൈപിടിച്ച് വട്ടം കറക്കിയിരുന്നെന്ന് ഫാത്തിമ പറഞ്ഞു. ബഷീറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ ഖദീജയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മകന്‍ ലഹരിക്കടിമയായിരുന്നെന്നും ഇവര്‍ പറയുന്നു.