കര്‍ണ്ണാടകയിലേക്കുള്ള ഭീമന്‍ യന്ത്രം താമരശ്ശേരി ചുരം കയറാനുള്ള തീരുമാനം ഉപേക്ഷിച്ചു; പകരം നാട്ടുകാർക്ക് കൗതുക കാഴ്ചയൊരുക്കി യാത്ര കൊയിലാണ്ടി-മംഗലാപുരം വഴി


കൊയിലാണ്ടി: കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്ന ഭീമന്‍ യന്ത്രം വഹിച്ചുള്ള വാഹനം താമരശ്ശേരി ചുരം കയറാനുള്ള ശ്രമം ഉപേക്ഷിച്ചു. ഇന്ന് അര്‍ധരാത്രിയോടെ ചുരം കയറാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭീമന്‍ യന്ത്രവുമായുള്ള വാഹനം ചുരം കയറിയാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കുമെന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിയത്.

കര്‍ണ്ണാടകയിലെ നഞ്ചഗോഡിലേക്കാണ് ഭീമന്‍ യന്ത്രം പ്രത്യേക ട്രെയിലര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകുന്നത്. ഒരു ദിവസം പത്ത് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ ലോറി സഞ്ചരിക്കുക.

താമരശ്ശേരി ചുരം വഴി യന്ത്രം കൊണ്ടുപോകാനുള്ള നീക്കത്തില്‍ ആശങ്കയുയര്‍ന്നപ്പോള്‍ പൊലീസ് എത്തി യന്ത്രത്തിന്റെ അധികൃതരുമായി സംസാരിച്ച് ചുരം വഴിയുള്ള യാത്ര സാധ്യമല്ല എന്ന് ബോധ്യപ്പെടുത്തി.

തുടര്‍ന്നാണ് ട്രെയിലര്‍ ലോറി വഴി തിരിച്ചുവിടാന്‍ തീരുമാനിച്ചത്. കൊയിലാണ്ടി വഴി മംഗലാപുരത്തേക്കും അവിടെ നിന്ന് നഞ്ചഗോഡിലേക്കും യന്ത്രം കൊണ്ടുപോകാനാണ് പുതിയ തീരുമാനം. നിലവില്‍ ഈങ്ങാപ്പുഴയിലുള്ള ലോറി ഇന്ന് തന്നെ തിരികെ പോകും.

ഭീമന്‍ യന്ത്രവും വഹിച്ച് വളരെ പതുക്കെ മാത്രം നീങ്ങുന്ന ലോറി അടുത്ത ദിവസങ്ങളില്‍ തന്നെ കൊയിലാണ്ടിയിലൂടെ കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊയിലാണ്ടിക്കാര്‍ക്കും കൊയിലാണ്ടിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ദേശീയപാതയോരത്തുള്ളവര്‍ക്കുമെല്ലാം ഈ വാഹനം കൗതുകക്കാഴ്ചയാകും.