ബോട്ടുകൾ വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും, പ്രതീക്ഷയോടെ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ
കൊയിലാണ്ടി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികൾ ആരംഭിച്ചുകഴിഞ്ഞു. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ.
നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഐസുകൾ നിറച്ചു തുടങ്ങി. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും.
ജൂൺ ഒമ്പതിന് അർധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവിൽവന്നത്. ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തുന്നു. ബോട്ടുകൾ കടലിൽ ഇറങ്ങുന്നതോടെ മീൻ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
Summary: