ഒരു സ്യൂട്ട് കേസുപോലെ കയ്യില്‍ കൊണ്ടുപോകാന്‍ കഴിയുന്ന കൊച്ചുപെട്ടി, ഉപയോഗങ്ങളാണെങ്കില്‍ അനവധി; സര്‍ഗാലയയില്‍ കൗതുകക്കാഴ്ചയായി സിറിയന്‍ സംഘത്തിന്റെ കുഞ്ഞുമേശ


ജിന്‍സി ബാലകൃഷ്ണന്‍

പയ്യോളി: ഒറ്റനോട്ടത്തില്‍ ഒരു ചെറിയ പെട്ടി, നിവര്‍ത്തി വെച്ചാല്‍ മനോഹരമായ ടേബിള്‍. സര്‍ഗാലയില്‍ സിറിയന്‍ സ്റ്റാളിലെ കൗതുകക്കാഴ്ചയായി ഇതിനകം ഈ കൊച്ചുമേശ (Basic Table) മാറിക്കഴിഞ്ഞു.

രണ്ടുപേര്‍ക്ക് മുഖാമുഖം ഇരുന്ന് സംസാരിച്ച് ചായ കഴിക്കാനുള്ള സൗകര്യമുള്ള ഒരു മേശ, മുകളിലത്തെ പലക തിരിച്ചിട്ട് കഴിഞ്ഞാല്‍ ഇതൊരു ചെസ് ബോര്‍ഡാകും. മറ്റൊരു വശത്തേക്ക് നീക്കിയാല്‍ കാരംസ് ബോര്‍ഡും. ഉള്ളിലെ ‘രഹസ്യ’ അറയില്‍ കളിക്കാനുള്ള കരുക്കളും കാണാം. മൂന്ന് ഗെയിമുകള്‍ കളിക്കാനുളള ബോര്‍ഡായി ഇത് ഉപയോഗിക്കാമെന്ന് സിറിയയില്‍ നിന്നുള്ള ഇസ്‌കന്തര്‍ ഇസ്തഫാന്‍ അല്‍ ഹലബിയും മുഹമ്മദ് ബിന്‍ അജ്ജും പറയുന്നു.

35000 രൂപയോളമാണ് ഈ കുഞ്ഞുമേശയുടെ വില. രണ്ടരമാസം സമയമെടുത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തടിയില്‍ പലവിധ പോളിഷുകള്‍ കൊണ്ട് തീര്‍ത്ത ബോര്‍ഡായി തോന്നുമെങ്കിലും ഇതിലെ ഓരോ നിറങ്ങളും വ്യത്യസ്തങ്ങളായ മരങ്ങളാണെന്ന് ഇസ്‌കന്തര്‍ പറയുന്നു. ഒലിവ്, റോസ്, വാള്‍നട്ട്, നാരങ്ങ തുടങ്ങി പലവിധ മരങ്ങള്‍ പ്രത്യക അളവില്‍ മുറിച്ച് കൂട്ടിച്ചേര്‍ത്താണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഇതുപോലുള്ള മനോഹരമായ പെട്ടികളും അലങ്കാര വസ്തുക്കളുമാണ് ഈ സ്റ്റാളിലുള്ളത്.

സര്‍ഗാലയില്‍ മുമ്പും ഇവര്‍ കരകൗശല മേളയ്ക്കായി എത്തിയിട്ടുണ്ട്. ഒട്ടകത്തോലുകള്‍ ഉപയോഗിച്ച് ഇവര്‍ തയ്യാറാക്കുന്ന ഉല്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ചെറിയ പേഴ്‌സ്, ടേബിള്‍ മാറ്റ്, ചുവര്‍ചിത്രങ്ങള്‍ എന്നിങ്ങനെയുള്ള വസ്തുക്കള്‍ ഏറെ ഈടുനില്‍ക്കുമെന്നാണ് വാങ്ങി ഉപയോഗിച്ചവര്‍ പറയുന്നത്. വില അല്പം കൂടുതലാണെങ്കില്‍ ഉല്പന്നങ്ങള്‍ മുമ്പ് ഉപയോഗിച്ചവര്‍ ഇവ തേടിയെത്തുന്നതും അതുകൊണ്ടുതന്നെ.

സിറിയയിലെ തെരുവുകളാണ് ഇവര്‍ സ്‌ക്രീന്‍പ്രിന്റില്‍ വരച്ചെടുത്തിരിക്കുന്നത്. പ്രധാനപ്പെട്ട സിറിയന്‍ സ്മാരകങ്ങളും പള്ളികളും സ്‌ക്രീന്‍പ്രിന്റില്‍ കാണാം.