അരിക്കുളം തറമ്മലങ്ങാടിയില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട വിയ്യൂര്‍ സ്വദേശി പിടിയില്‍  


Advertisement

മേപ്പയ്യൂര്‍: അരിക്കുളം തറമ്മലങ്ങാടിയില്‍വെച്ച് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ക്വട്ടേഷന്‍ സംഘാംഗമായ വിയ്യൂർ സ്വദേശി അഖില്‍ ചന്ദ്രന്‍ ആണ് മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയിലായത്. വധശ്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അഖില്‍ ചന്ദ്രന്‍. നേരത്തെ ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാള്‍ നിരവധി അക്രമസംഭവങ്ങളില്‍ പ്രതിയായിരുന്നു. ഇയാള്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വാറണ്ട് നിലവിലുണ്ട്.

Advertisement

ഇതോടെ കേസില്‍ അഞ്ച് പ്രതികളാണ് പിടിയിലായത്. നാലുപേര്‍ കൂടി പിടിയിലാവാനുണ്ട്. സംഭവത്തില്‍ മുഖ്യ സൂത്രധാരനായ കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് (47) നേരത്തെ പിടിയിലായിരുന്നു. ഇയാള്‍ക്ക് പുറമേ വയനാട് നിരവില്‍പുഴ സ്വദേശി റഹീസും കാരയാട് സ്വദേശി വിഷ്ണുവും ഷെഫീക്കും കേസില്‍ പിടിയിലായിരുന്നു.

Advertisement

2024 സെപ്റ്റംബര്‍ 12ന് രാത്രി ഏഴുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടുവണ്ണൂരില്‍ നിന്നും ഓട്ടം വിളിച്ചതുപ്രകാരം അരിക്കുളം തറമ്മലങ്ങാടി മൂലക്കല്‍ താഴെ യാത്രക്കാരനുമായെത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ മിഥുന്‍. ആളെ ഇറക്കി തിരിച്ചുപോകാന്‍ നേരം വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം മിഥുനെ ആക്രമിക്കുകയായിരുന്നു. കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഓട്ടോയുടെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു.


Also Read: നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിച്ച സംഭവം; രണ്ട് യുവാക്കള്‍ കൂടി പോലീസിന്റെ പിടിയില്‍


Advertisement

ഷാനവാസിനെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വഞ്ചന കേസുകള്‍ നിലവിലുണ്ട്. നടവണ്ണൂരിലെ സോമസുന്ദരന്‍ എന്നയാളില്‍ നിന്നും 55ലക്ഷം രൂപ പണം തിരികെ കിട്ടാനായി മിഥുനുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു. ഇതിനായി ഷാനവാസിന്റെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.


Also Read: നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; മുഖ്യ സൂത്രധാരന്‍ പിടിയില്‍


മേപ്പയ്യൂര്‍ പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിന് സഹായകരമായത്. മേപ്പയ്യൂര്‍ സി.ഐ. ഇ.കെ.ഷിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനീത് വിജയന്‍, എസ്.സി.പി.ഒ അനുജിത്ത്, സി.പി.ഒമാരായ സുമേഷ്, ഷിനു, സന്തോഷ്, രാജു ജയേഷ് എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി.

Summary: tharammalangadi auto driver attack case viyyur native arrested