അപകടമൊഴിയാതെ താമരശ്ശേരി ചുരം; ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി അമ്പതടി താഴ്ചയിലേക്ക് പതിച്ചു


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒന്‍പതാം വളവില്‍ രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം.

ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രവികുമാര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.

ബംഗളൂരുവില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി കോഴിക്കോടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്നും അമ്പത് മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ഡ്രൈവര്‍ രവികുമാറിന് തലയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ലോറിയില്‍ നിന്ന് സ്വയം പുറത്തുകടന്ന് മുകളിലേക്ക് വരികയായിരുന്നു. അപകട വിവരം അറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അധികൃതര്‍ പരിശോധിച്ച് വരികയാണ്. ഡ്രൈവര്‍ ഉറങ്ങിപോയതാണോ മറ്റ് ഏതെങ്കിലും വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുന്നതിനിടെ മറിയുകയായിരുന്നോ എന്ന് പൊലീസ് പരിശോധിക്കും.

നിലവില്‍ ചുരത്തില്‍ പറയത്തക്ക ഗതാഗത തടസ്സങ്ങള്‍ ഒന്നുമില്ല. അപകടസ്ഥലത്ത് ഗ്യാസ് സിലിണ്ടറുകള്‍ ചിതറി കിടക്കുകയാണ്. ഇവയില്‍ നിന്ന് ഗ്യാസ് ചോരുന്നുണ്ടോ എന്ന കാര്യം ഫയര്‍ഫോഴ്സ് പരിശോധിക്കും. ഇതിന് ശേഷം മുഴുവന്‍ സിലിണ്ടറുകളും ഇവിടെ നിന്നുമാറ്റിയതിന് ശേഷമായിരിക്കും ലോറി താഴ്ചയില്‍ നിന്ന് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.