whatsapp’പ്രൊഫൈൽ ഫോട്ടോയുടെ ചുറ്റും ഒരു പച്ചവട്ടം ഉണ്ടോ? ചാറ്റ് ലിസ്റ്റിൽ ചെറിയ വട്ടങ്ങളും? പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
ഇൻസ്റാഗ്രാമിന് തത്തുല്യമായ അപ്ഡേഷനുമായി പുത്തൻ അവതാരത്തിൽ വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം ആയ വാട്സാപ്പ് പുത്തൻ പുതിയ ഫീറുകളുമായി എപ്പോഴും ഉപഭോക്താക്കളിൽ കൗതുകമുണർത്തികൊണ്ടിരിക്കുകയാണ്. വാട്സാപ്പ് സ്റ്റാറ്റസുകൾക്ക് ലഭിച്ച റിപ്ലൈ ആണെന്ന് സന്ദേശം തുറക്കാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ഇനി മുതൽ ചാറ്റ്സിൽ പ്രൊഫൈൽ ഫോട്ടോയിൽ ഞെക്കുമ്പോൾ തന്നെ സ്റ്റാറ്റസ് കാണാനും കഴിയും.
ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ്, ഐഒഎസ് ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസിലേക്കുള്ള മറുപടികൾ തൽക്ഷണം കാണാൻ കഴിയുന്ന തരത്തിൽ ഒരു ‘സ്റ്റാറ്റസ് റിപ്ലൈ ഇൻഡിക്കേറ്റർ’ ആണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിൽ ആളുകളുടെ കോണ്ടാക്ടിനു സൈഡിൽ ചിത്രത്തിൽ കാണുന്ന പോലെ ഒരു ചെറിയ ഐക്കൺ കാണാൻ കഴിയും, ഇത് ആളുകൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ലോഡിനെ അടിസ്ഥാനമാക്കി അവർക്ക് അയച്ച മറുപടികളെക്കുറിച്ച് അറിയുന്നത് എളുപ്പമാക്കും.
ഈ സ്റ്റാറ്റസ് ഇൻഡിക്കേറ്റർ വാട്ട്‌സ്ആപ്പിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും, കാരണം ഇത് ഒരു സാധാരണ സന്ദേശ മറുപടിയിൽ നിന്ന് ഒരു സ്റ്റാറ്റസ് മറുപടി കാണാൻ സഹായിക്കുന്നു. ചാറ്റ് സ്‌ക്രീനിൽ പുതിയ ഐക്കൺ ദൃശ്യമാകും, ചാറ്റ് ലിസ്റ്റിലെ ഒറ്റ നോട്ടത്തിൽ തന്നെ സ്റ്റാറ്റസ് മറുപടിയാണെന്ന് മനസ്സിലാക്കാനാവും.
വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകളിൽ വലിയൊരു വിഭാഗവും സമയം കിട്ടുമ്പോഴൊക്കെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ നോക്കുന്നവരാണ്. അത്തരക്കാർക്കു കൗതുകമായി ആയി ആണ് മറ്റൊരു അപ്ഡേറ്റ് രംഗത്തിറക്കിയിരിക്കുന്നത്. ഇത്രയും നാളത്തെ പോലെ സ്റ്റാറ്റസിനായി പ്രത്യേകം വിഭാഗത്തിൽ പോയി നോക്കേണ്ടതില്ല. നമ്മുടെ ചാറ്റ് ലിസ്റ്റിലുള്ളവരുടെ സ്റ്റാറ്റസ് നമുക്ക് ചാറ്റിൽ തന്നെ കാണാൻ കഴിയും. പ്രൊഫൈൽ ഫോട്ടോയിൽ ഞെക്കിയാൽ സ്റ്റാറ്റസുകൾ കാണാൻ കഴിയുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫൈൽ തിരഞ്ഞെടുക്കുമ്പോൾ
ചിത്രത്തിൽ കാണുന്നത് പോലെ പ്രൊഫൈൽ കാണണോ സ്റ്റാറ്റസ് കാണണോ എന്നത് നമുക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്. ചാറ്റിൽ സ്റ്റാറ്റസ് ഇട്ടിട്ടുള്ള കോണ്ടാക്ടുകളുടെ പ്രൊഫൈൽ ഫോട്ടോയിൽ പച്ച നിറത്തിൽ ഒരു വട്ടവും കാണാൻ കഴിയും.
പുത്തൻ ഫീറുകളിലെ മറ്റൊരു പ്രധാനപ്പെട്ട ഫീച്ചർ ആണ് കോൾ ലിങ്ക്. ഓഡിയോ വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ‘കോള്‍ ലിങ്ക്‌സ്’ ഫീച്ചര്‍. ഗ്രൂപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ അതിലേക്ക് മറ്റു സുഹൃത്തുകള്‍ക്ക് കയറാന്‍ ലിങ്കുകള്‍ പങ്കുവെക്കാം എന്നതാണ് പ്രേത്യേകത. ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സുഗമമായി കോളില്‍ പ്രവേശിക്കാം.
32 പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യാനാകും എന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. ഇതുവരെ എട്ടുപേര്‍ക്ക് മാത്രമാണ് ഗ്രൂപ്പ് വിഡിയോ കാള്‍ സാധ്യമായിരുന്നത്.
വാട്സാപ്പ് പ്രേമികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് വാട്സാപ്പ് പ്രീമിയം വരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാട്സാപ്പ് ബീറ്റ് ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ. ബിസിനസുകളെ ലക്ഷ്യംവച്ചാണ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരിക്കുന്നത്.പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് പ്രത്യേകിച്ച് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കല്‍ കോൺടാക്ട് ലിങ്ക് മാറ്റാം.
നേരത്തെ വാട്സാപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഡവലപ്പ് ചെയ്തിരുന്നു. അത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഫീച്ചർ ആയിരുന്നു. മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി എന്നതായിരുന്നു ഇതിന്‍റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിതും. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്.
പുത്തൻ സേവനങ്ങൾ എല്ലാ ഫോണുകളിലും അപ്ഡേറ്റ് ആയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഈ സേവനം എല്ലാവര്ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.