ഒൻപത് ഉൽപ്പന്നങ്ങളിൽ നിന്ന് നൂറിൽപരം പ്രാദേശിക ഉൽപ്പന്നങ്ങൾ; ആയിരത്തിൽപ്പരം ഹോംഷോപ്പ് ഓണർമാർ; 1750 ഓളം വനിതകൾക്ക് സുസ്ഥിരമായ തൊഴിൽ; ഒന്നൊന്നര വിപ്ലവ വിജയ തരംഗം സൃഷ്ടിച്ച് കൊയിലാണ്ടിയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: ഓരോ ചുവട് വെയ്ക്കുമ്പോഴും അതിൽ നിറയെ പ്രതീക്ഷകളായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു, കഠിനാധ്വാനം ഉണ്ടായിരുന്നു. അങ്ങനെ അവർ ഒന്നായി മുന്നോട്ടു യാത്ര ചെയ്തപ്പോൾ സ്ത്രീകരുത്ത് നേടിയെടുത്തത് വിജയഗാഥ. കോവിഡ് കാലത്തു എല്ലാ കച്ചവടങ്ങളും തകർന്നു തുടങ്ങിയപ്പോഴും മികച്ച മുന്നേറ്റം നേടി കൊയിലാണ്ടി കേന്ദ്രീകരിച്ച് ആരംഭിച്ച കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.

ഒരു കുടക്കീഴിൽ അമ്പതിനടുത്ത് കുടുംബശ്രീ ഉൽപ്പാദനയൂണിറ്റുകൾ, ആയിരത്തിൽപ്പരം ഹോംഷോപ്പ് ഓണർമാർ, 1750 ഓളം വനിതകൾക്ക് സുസ്ഥിരമായ തൊഴിൽ അങ്ങനെ വളരെ കുറച്ചു നാളുകൾ കൊണ്ടാണ് അവിശ്വസ്വനീയമായ നേട്ടമാണ് ഇവർ നേടിയെടുത്തത്. 2019 ജൂലൈ 29ന് കൊയിലാണ്ടിയിലാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒൻപത് ഉൽപ്പന്നങ്ങളിൽ നിന്ന് ആരംഭിച്ച കച്ചവടം ജനപ്രീതിയാർജ്ജിച്ചതോടെ മൂന്നു വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും നൂറിൽപരം പ്രാദേശിക ഉല്പന്നങ്ങളിലേക്ക് വളരുകയായിരുന്നു.

കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയമായിത്തന്നെ വിപണി കണ്ടെത്തി വളരണമെന്ന സ്വപ്നമാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയായി വളർന്നു വന്നത്. ഉൽപ്പന്നങ്ങൾ നിർമ്മിക്കുക മാത്രമല്ല അത് വീടുകളിലേക്ക് എത്തിക്കുന്നതിനും ഉള്ള സംവിധാനങ്ങളും ഇവർക്കുണ്ട്. ഇവ വീടുകളിൽ സ്ഥിരമായി എത്തിച്ചു നൽകുന്നതിന് ആയിരത്തിൽപ്പരം ഹോംഷോപ്പ് ഓണർമാർ ആണുള്ളത്.

പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച്, ഉല്പാദന – വിതരണ – വിപണന രംഗങ്ങളിലായി കോഴിക്കോട് ജില്ലയിൽ മാത്രം ഇതുവരെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയിലൂടെ 1750 ഓളം വനിതകൾക്ക് സുസ്ഥിരമായ തൊഴിൽ ലഭ്യമാക്കി ഒരു ഒന്നൊന്നര വിപ്ലവ വിജയ തരംഗം തന്നെയാണിത് സൃഷ്ടിച്ചത്.

കൊയിലാണ്ടിയിൽ നിന്ന് വിത്തിട്ട് വളർന്ന് ജില്ലയാകെ പടർന്ന് പന്തലിച്ച് ജില്ലയ്ക്ക് അഭിമാനമായി മാറിയിരിക്കുമാകയാണ് ഈ പദ്ധതി. നാടിനു മാത്രമല്ല മറ്റു ജില്ലകൾക്കും മാതൃകയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും ഇതിനകം തന്നെ ഈ പദ്ധതി വ്യാപിപ്പിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലാ മാനേജ്മെൻറ് ടീം തന്നെയാണ് മലപ്പുറം ജില്ലയിലും പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മറ്റു ജില്ലകൾക്ക് വിദഗ്ധോപദേശം നൽകുന്നതും പരിശീലനത്തിന് നേതൃത്വം നൽകുന്നതും അവർ തന്നെ.

ഗ്രാമങ്ങളിലെ വീടുകളിൽ മാത്രം ഒതുങ്ങി പോകാവുന്ന കഴിവുകളെ തേടിയെടുത്ത് അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി വാതായനങ്ങൾ നൽകിയിരിക്കുകയാണ് ഈ പദ്ധതി. ഒരു മാനേജ്മെൻറ് ടീം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു എന്നുള്ളതാണ് ഹോംഷോപ്പ് പദ്ധതിയുടെ മറ്റൊരു ഹൈലൈറ്റ്. വിവിധ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ ഉൽപ്പന്നനിർമ്മാണ യൂണിറ്റുകളെയും വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച് സുസ്ഥിര വിപണന സംവിധാനം സാധ്യമാക്കുന്ന വിപണന ശൃംഖലകളെയും ഏകോപിപ്പിച്ചു കൊണ്ടുപോകുക എന്ന ശ്രമകരമായ ദൗത്യമാണ് മാനേജ്മെൻറ് ടീം നിർവഹിച്ച് വിജയിപ്പിക്കുന്നത്.

ഒരു തൊഴിൽ മേഖല മാത്രമല്ല ഒരു കുടുംബമായി കൈത്താങ്ങായി എപ്പോഴുമുണ്ടാവുമെന്ന ഉറപ്പുകൂടിയാണ് ഈ പദ്ധതി. ഹോംഷോപ്പ് ഓണർമാർക്കോ കുടുംബാംഗങ്ങൾക്കോ ഏത് അസുഖം വന്നാലും പതിനായിരം രൂപവരെ ചികിത്സാസഹായം നൽകുന്ന ‘സ്നേഹനിധി’ ആരോഗ്യസുരക്ഷാ പദ്ധതി, ഹോംഷോപ്പ് ഓണർമാരുടെ മക്കൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഹോംഷോപ്പ് ഓണർമാർക്ക് മൂന്നു മാസത്തിലൊരിക്കൽ ഒരു ചാക്ക് അരി വീടുകളിൽ എത്തിച്ചുനൽകുന്ന പദ്ധതി, ശ്രീനിധി സമ്പാദ്യപദ്ധതി എന്നിങ്ങനെ വിവിധങ്ങളായ സാമൂഹിക സുരക്ഷാപദ്ധതികൾ ഹോംഷോപ്പ് ഓണർമാർക്കായി ആവിഷ്കരിച്ചു നടപ്പിലാക്കാൻ കഴിഞ്ഞു ള്ളതാണ് ഹോംഷോപ്പ് പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്.

അതാത് സിഡിഎസ്സുകൾ വഴി എന്നുഅപേക്ഷകൾ സ്വീകരിച്ചാണ് പദ്ധതിയിലേക്ക് വനിതകളെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായാണ് പരിശീലനം നൽകുന്നത്. യൂണിഫോമും ബാഗും ഐഡി കാർഡും കുടുംബശ്രീ മിഷൻ സൗജന്യമായി നൽകും.

ഹോംഷോപ്പ് പദ്ധതിയുടെ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗംഭീരമായ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ രണ്ടാം തിയ്യതി കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഓണക്കോടി വിതരണം, ഓണക്കിറ്റ് വിതരണം, ഓണസദ്യ, കലാപരിപാടികൾ, വിവിധ അവാർഡുകളുടെ വിതരണം എന്നിവ മുഖ്യ ഇനങ്ങളായിരിക്കും. ടെക്ഫോമ ഇന്ത്യയുടെ മികച്ച സംരംഭകക്കുള്ള വുമൺ ഐക്കൺ അവാർഡ് നേടിയ ടി.കെ മഞ്ജുളയെ ചടങ്ങിൽ ആദരിക്കും.

നാടിന് ആവശ്യമുള്ളതിൽ ആവുന്നതൊക്കെയും അതാത് പ്രദേശത്തുതന്നെ ഉൽപ്പാദിപ്പിക്കുകയും സ്വാശ്രയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം അഭിമാനമുള്ള ജനതയുടെ ശീലമാക്കി മാററുകയും ചെയ്യുക എന്ന ഗാന്ധിജിയുടെ ‘സ്വാശ്രയ ഗ്രാമം’ എന്ന സ്വപ്നത്തെ ഏടുകളിലെ മൃതാക്ഷരങ്ങളിൽ നിന്നും പ്രായോഗികതയുടെ വിജയഗാഥയാക്കി പുതിയ ചരിത്രം സൃഷ്ടിച്ച് യാത്ര തുടരുകയാണ് കുടുംബശ്രീ, സീപ്നങ്ങൾ യാഥാർഥ്യമാക്കി നാടിൻറെ നന്മയ്ക്കായി…

SUMMARY: SUCCESS STORY OF KOYILANDY KUDUMBA SREE HOME SHOP PROJECT